വയനാടൻ പെരുമയുമായി പ്രവാസി കലാകാരൻ ഷജീർ

മാപ്പിളപ്പാട്ടിന്റെ വയനാടൻ പെരുമയുമായി സമം ചേരുന്ന പ്രതിഭയാണ് ഷജീർ അബുബക്കർ എന്ന ഗായകൻ. ശബ്ദമാധുര്യവും കഴിവും അത്മാർഥ പരിശ്രമവും നിമിത്തം മാപ്പിളപ്പാട്ട് രംഗത്തെ അജയ്യർക്കൊപ്പം തിളങ്ങി നിൽക്കുന്ന വിനയാന്വിതനായ കലാകാരൻ. എട്ടു മാസങ്ങൾക്കു മുമ്പാണ് റിയാദിൽ പ്രവാസിയായി എത്തിയത്. റിയാദിലെ സജോ ട്രാൻസ്‌പോർട്ട് ആന്റ് ലോജിസ്റ്റിക് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിരവധി വേദികളിൽ ഷജീർ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. മലയാളം ഗാനങ്ങൾ മുതൽ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ചെറുപ്രായത്തിൽ തന്നെ ഗാനരംഗത്ത് കഴിവ് തെളിയിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.


വയനാട് മുട്ടിൽ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കേ തന്നെ ഗാനരംഗത്ത് ചുവടുറപ്പിച്ച ഷജീർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. അവസരങ്ങൾ ഒന്നായി തേടിയെത്തി. സ്‌കൂൾ യുവജനോൽസവങ്ങളിൽ മികച്ച മൽസരാർഥിയായി. ഇന്റർസോൺ യൂനിവേഴിസിറ്റി മൽസരങ്ങളിൽ വിജയിയായി.  കൈരളിയുടെ പട്ടുറുമാൽ പരിപാടിയിൽ ഏഴ് സ്‌റ്റേജിലും ഒന്നാം സ്ഥാനക്കാരനായി. എട്ടാം സ്‌റ്റേജിൽ ഷജീറിന് പുറത്ത് പോകേണ്ടി വന്നെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ സംഗീതത്തിന്റെ ഒരുപാട് ഓർമകൾ സമ്മാനിച്ചാണ് പടിയിറങ്ങിയത്. പട്ടുറുമാലിൽ ഗായകനായെത്തിയതോടെ കൂടുതൽ പേരിലേക്ക് ഷജീർ എന്ന ഗായകനെ അറിയാൻ സാധിച്ചു. അനശ്വര നടനും ഗായകനുമായ കലാഭവൻ മണി, എം.ജി. ശ്രീകുമാർ, മധു ബാലക്യഷ്ണൻ, വേണുഗോപാൽ, സുജാത, ജ്യോൽസന, മഞ്ജരി എന്നിവരോടോപ്പം വിവിധ വേദിയിൽ പാടാൻ സാധിച്ചതിൽ അഭിമാനം കൊള്ളുകയാണ് പ്രവാസ ലോകത്തും ശ്രദ്ധേയനായ ഈ ഗായകൻ.


ഡബ്ല്യൂ.എം.ഒ വയനാട് മുട്ടിൽ ഓർഫനേജ് കോളേജിലെ പഠന കാലത്ത് ലഭിച്ച അവസരങ്ങളാണ് തന്നെ ഉയരങ്ങളിലെത്തിച്ചതെന്ന് ഈ കലാകാരൻ ഉറച്ചു വിശ്വസിക്കുന്നു. തന്റെ കലാജീവിതത്തിന് മാതാപിതാക്കൾ നൽകിയ പിന്തുണക്കുപരി കോളേജിലെ അധ്യാപകനായ അക്ബർ, പ്രമുഖ കലാകാരൻ നാസർ മാനന്തവാടി എന്നിവർ നൽകിയ നിർലോഭ സഹകരണമാണ് കലാരംഗത്ത് മുന്നേറാൻ കരുത്ത് പകർന്നതെന്ന് നന്ദിയോടെ ഓർക്കുന്നു. തന്റെ നിസ്സാര ജീവിതത്തെ അർത്ഥ പൂർണമാക്കിയത് ഗാനരംഗത്തുള്ള സാന്നിധ്യമാണെന്ന് ഷജീർ ഉറച്ചു വിശ്വസിക്കുന്നു. ഇത് വഴി ധാരാളം ആളുകളുമായി ബന്ധപ്പെടാനും അവരെ ആസ്വദിപ്പിക്കാനും സാധിച്ചു.


വൻ ജനപങ്കാളിത്തത്തോടെ ദമാമിൽ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനും (ഡിഫ), ജിദ്ദയിൽ സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറവും (സിഫ്) സംഘടിപ്പിച്ച പരിപാടികളിലും ഗാനങ്ങൾ ആലപിച്ചതോടെ ഷജീറിനെ പ്രവാസ ലോകത്തും ഏറെ പ്രശസ്തനാക്കിയിരിക്കുകയാണ് ഇപ്പോൾ. വയനാട് മുട്ടിൽ ചന്ദ്രൻതൊടി അബൂബക്കർ, സൈഫുന്നിസ ദമ്പതികളുടെ മകനാണ്. വർഷങ്ങളോളം ജിദ്ദ ഷറഫിയയിൽ പ്രവാസിയായിരുന്നു പിതാവ് അബൂബക്കർ. ഷൈജൽ, ഷാഹിദ് എന്നിവർ സഹോദരന്മാരും മുഹാസിന ഷൈജൽ സഹോദരിയുമാണ്. കലാരംഗത്ത് പ്രോൽസാഹനം നൽകാൻ ഭാര്യ ഷർമിന ഷറിൻ ഒപ്പമുണ്ട്.  

 

 


 

Latest News