തിരുവനന്തപുരം- ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികള്‍ നാട്ടിലെത്താന്‍ മേയ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം എല്ലാവരെയും നാട്ടില്ലെത്തിച്ചാല്‍ ക്വാറന്‍റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാകുമെന്നും പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
വിമാനം ചാര്‍ട്ടര്‍ ചെയ്ത് നാട്ടിലെത്തിക്കാന്‍ വിദേശത്തെ മലയാളി സംഘടനകളും ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ഥികളും അടക്കം താല്‍പര്യം അറിയിച്ചിരുന്നു. സ്ഥിതി മെച്ചപ്പെടുമ്പോള്‍ എല്ലാവരെയും തിരികെ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
യു.എ.ഇയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഏറ്റെടുത്ത് അവിടത്തെ സര്‍ക്കാരിന്റെ അനുവാദത്തോടെ ക്വാറന്‍ൈറന്‍ സൗകര്യം ഒരുക്കും. വിദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും. എംബസികള്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ട കാര്യം നിലവില്‍ ഇല്ലെന്നും അവിടെ ഇന്ത്യക്കാരായ നിരവധി ഡോക്ടര്‍മാരുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം രൂപീകരിക്കമെന്ന് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.






