ബംഗലൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ മന്ത്രിസഭാ പുനസ്സംഘടന വലിയ കൈയ്യടി നേടുന്നതിനിടെ വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും പുറത്തായ ഒരു വീഡിയോ സർക്കാരിന് നാണക്കേടുണ്ടാക്കിയിരിക്കുന്നു. പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കർണാടകയിൽ നിന്നുള്ള അനന്തകുമാർ ഹെഗ്‌ഡെ ഒരു ഡോക്ടറെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് അദ്ദേഹം അധികാരമേറ്റതിനു തൊട്ടുപിറകെ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ജനുവരിയിൽ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ആശുപത്രിയിൽ ഡോക്ടറുമായി മന്ത്രി അടിപിടിയുണ്ടാക്കിയത്.
ഡോക്ടറെ കഴുത്തിന് പിടിച്ചു തള്ളുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സിർസിയിലെ ടി.എസ്.എസ് ഹോസ്പിറ്റലിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ അന്നു തന്നെ വാർത്തയായിരുന്നു. 49കാരനായ മന്ത്രി ഹെഗ്‌ഡെ ഡോക്ടറെ കഴുത്തിനു പിടിച്ചു ചുമരിലേക്ക് തള്ളുന്നതിനിടെ തടയാനെത്തിയ മറ്റൊരു ഡോക്ടറെ അടിക്കുന്നുമുണ്ട്. മന്ത്രിയുടെ സഹായികൾ മറ്റു ആശുപത്രി ജീവനക്കാരെ തള്ളുന്നതും കാണാം.
ചികിത്സയിലിരിക്കുന്ന തന്റെ അമ്മയെ ഡോക്ടർമാർ വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു മന്ത്രി ഹെഗ്‌ഡെയുടെ രോഷപ്രകടനം. വീട്ടിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു മന്ത്രിയുടെ അമ്മ. സംഭവം വാർത്തയായതോടെ ഹെഗ്‌ഡെക്കെതിരെ കേസെടുത്തിരുന്നു. തനിക്ക് തയ്‌കോണ്ടോ അറിയുമെന്ന് അഭിമാനം കൊള്ളുന്നയാൾ കൂടിയാണ് മന്ത്രി.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയതിനും ഈ മന്ത്രിക്കെതിരെ കേസുണ്ട്. ലോകത്ത് ഇസ്‌ലാമുള്ളിടത്തോളം കാലം തീവ്രവാദവും ഉണ്ടാകുമെന്നും ഇസ്‌ലാമിനെ ലോകത്തു നിന്ന് തുടച്ചു നീക്കാതെ തീവ്രവാദം തുടച്ചുനീക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
ഉത്തര കന്നഡ് മണ്ഡലത്തിൽ നിന്നുള്ള എംപിയായ ഹെഗ്‌ഡെ 28ാം വയസ്സിൽ കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവെയ പരാജയപ്പെടുത്തിയാണ് ആദ്യമായി പാർലിമെന്റിലെത്തിയത്. അഞ്ചു തവണ എംപിയായി.