കോവിഡ് പ്രതിസന്ധി; സർക്കാരിന്റെ സ്‌കോളർഷിപ്പ് വേണ്ടെന്നുവെച്ച്  മുൻ സൗദി പ്രവാസി 

ബാബുവും കുടുംബവും

കണ്ണൂർ - കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ ഭരണകൂടം നെട്ടോട്ടമോടുന്ന ഘട്ടത്തിൽ സർക്കാരിന്റെ  പഠന സഹായം ഉപേക്ഷിച്ച് പ്രവാസി രക്ഷിതാക്കൾ മാതൃകയായി. സൗദി അറേബ്യയിൽ അൽ രാജ്ഹി ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അഴീക്കോട് കൊട്ടാരത്തുംപാറയിലെ ബാബു ചോറോൻ - തോട്ടട കിഴുന്നയിലെ കെ. പ്രജിത ദമ്പതികളാണ് ഏക മകൾ ശിശിരാ ബാബുവിനു ലഭിക്കുന്ന സർക്കാർ പഠന സഹായം തൽക്കാലം വേണ്ടെന്നു വെക്കുന്നതായി അറിയിച്ചത്.  


കൊൽക്കത്തയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആന്റ് റിസർച്ചിൽ ഒന്നാം വർഷ വിദ്യാർഥിനിയാണ് ഇവരുടെ മകൾ ശിശിര ബാബു. അഞ്ചു വർഷത്തെ ബി.എസ്.എം.എസ് കോഴ്‌സിന് ഒരു വർഷം മുമ്പാണ് എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം ലഭിച്ചത്. പഠനച്ചെലവും ജീവിതച്ചെലവും അടക്കം കേരള സർക്കാർ നൽകുന്ന സ്‌കോളർഷിപ്പാണ് ഇക്കുറി വേണ്ടെന്നു വെക്കുന്നത്. ഏകദേശം ഒരു ലക്ഷത്തിലധികം രൂപ ഒരു സെമസ്റ്ററിൽ ലഭിക്കും. ഒ.ഇ.സി വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് കേരള സർക്കാർ നൽകുന്ന ആനുകൂല്യമാണ് ഈ സ്‌കോളർഷിപ്പ്.


മകളുടെ പഠനത്തിനു തന്റെ ജോലിയിൽ നിന്നു ലഭിച്ച ശമ്പളത്തുക ഉപയോഗിക്കാൻ സാധിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ കേരളസർക്കാർ തന്റെ മകൾക്ക് നൽകുന്ന സഹായം മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്താനാവുമല്ലോ എന്ന ചിന്തയിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബാബു ചോറൻ പറഞ്ഞു. കണ്ണൂർ എസ്.എൻ.വിദ്യാമന്ദിറിൽ നിന്ന് പ്ലസ് ടുവിൽ ഉയർന്ന മാർക്കോടെ വിജയിച്ച ശിശിര എഴാം ക്ലാസുവരെ സൗദി അറേബ്യയിലെ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂൾ പഠന ചെലവ് നിർവഹിച്ചതു പോലെ, ഉന്നത പഠനത്തിനും തന്റെ സമ്പാദ്യത്തിൽനിന്ന് മകളെ തൽക്കാലം സഹായിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. അഴീക്കോട്ടെ സാമൂഹിക പ്രവർത്തകൻ കൂടിയായ ബാബു ചോറൻ ദീർഘകാലം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുകയില്ലാ അടുപ്പിന്റെ പ്രചാരകനുമായിരുന്നു.

 

 

Latest News