പിന്നാമ്പുറത്തുനിന്ന് രഹസ്യങ്ങൾ ചോർത്തുന്ന ആയിരക്കണക്കിന് ആൻഡ്രോയിഡ് ആപ്പുകളുണ്ടെന്ന് പുതിയ പഠനം. പുതുതായി വികസിപ്പിച്ച ഇൻപുട്സ്കോപ് സംവിധാനം ഉപയോഗിച്ച് ഒന്നര ലക്ഷത്തോളം ആപ്പുകൾ പരിശോധിച്ചാണ് ഈ നിഗമനം. പല ആപ്പുകളിലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതിനുള്ള സൂത്രങ്ങൾ അടങ്ങിയിരിക്കുന്നുവെന്നർഥം.
പരിശോധിച്ചവയിൽ 12,076 ആപ്പുകളിൽ ബാക്ക്ഡോറുകളുടെ സാന്നിധ്യം കണ്ടെത്തി. അനാവശ്യ മെയിലുകളും മെസേജുകളും ഒഴിവാക്കുന്നതിനായി നമ്മൾ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയ വാക്കുകൾ പരിശോധിക്കുന്ന സൂത്രങ്ങൾ 4028 ആപ്പുകളിലും കണ്ടെത്തി. പരിശോധിച്ച ഒന്നര ലക്ഷം ആപ്പുകളിൽ ഒരു ലക്ഷം എണ്ണം ഗൂഗിൾ പ്ലേസ്റ്റോറുകളിൽ ലഭ്യമായതും 30,000 എണ്ണം സാംസങ് ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്തവയുമാണ്.
ഓഹിയോ യൂനിവേഴ്സിറ്റി, ന്യൂയോർക്ക് യൂനിവേഴ്സിറ്റി, ഹെംഹോൾസ് സെന്റർ ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി (സി.ഐ.എസ്.പി.എ) എന്നിവയിലെ ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. ഇൻപുട്സ്കോപ്പ് എന്നു വിളിക്കുന്ന പുതിയ അനാലിസിസ് ടൂൾ ഉപയോഗിച്ചായിരുന്നു പഠനം. ആൻഡ്രോയിഡ്, സാംസങ് ആപ്പുകൾക്കു പുറമെ 20,000 ചൈനീസ് ബൈദു ആപ്പുകളും പരിശോധനക്ക് വിധേയമാക്കി. സീക്രഡ് ആക്സസ് കീ, മാസ്റ്റർ പാസ്വേഡ് തുടങ്ങിയവ ചോർത്തുന്നതാണ് പിന്നാമ്പുറ സൂത്രങ്ങൾ. ഇതുവഴി വിദൂര സ്ഥലത്തിരുന്ന് ലോഗിൻ ചെയ്യാനും ഉപയോക്താക്കളുടെ പാസ്വേഡുകൾ മാറ്റാനും ഫോണിലെ ഉള്ളടക്കം ലഭ്യമല്ലാതാക്കാനും പെയ്മെന്റ് ഇന്റർഫേസുകൾ മറികടക്കാനും ഹാക്കർമാർക്ക് സാധിക്കുന്നു. ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ പിന്നാമ്പുറത്ത് പ്രവർത്തിക്കുന്ന സൂത്രങ്ങൾ ആൻഡ്രോയിഡിന്റെ വിപുലമായ ലോകത്ത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.