തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോടും കണ്ണൂരും നാലുപേര്‍ക്കു വീതവും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നുവന്ന ഒരാള്‍ ഒഴികെ പുതിയ രോഗബാധിതരില്‍ 11 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. എറണാകുളത്ത് ആറുപേരും കണ്ണൂരില്‍ മൂന്നുപേരും ഇടുക്കി, മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ വീതവുമാണ് പുതുതായി രോഗമുക്തി നേടിയത്.
പരിശോധനാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് പുതിയ നാല് ലാബുകള്‍ നാലു ദിവസത്തിനകം സജ്ജമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ജില്ലകള്‍ക്കും ഓരോ ലാബ് വീതം എന്നരീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. അതേസമയം, സ്വകാര്യ ലാബുകള്‍ക്ക് കോവിഡ് 19 ടെസ്റ്റിന് അനുവാദം നല്കുന്ന ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
357 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 258 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 12,710 സാമ്പിളുകളില്‍ 11,469 ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 591 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 5,865 പേരാണ് ഇതുവരെ രോഗം ബാധിതരായി രാജ്യത്ത് ഉള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ന് 20 മരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 169 ആയി. കൊറോണ ബാധിച്ച 478 പേരാണ് ഇതിനകം രോഗമുക്തി നേടിയത്.






