ദുബായ്- കോവിഡ്19 നെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ദുബായ് കെ.എം.സി.സി രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് സംഘടന ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹാരിസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാഫി എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചത്. കെ.എം.സി.സി ദുബായ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലാണ് ഹരജി നൽകിയത്. ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർവീസ് തുടങ്ങാൻ തയാറാണെന്ന് എമിറേറ്റ്‌സ് , ഫ്‌ളൈ ദുബായ് കമ്പനികൾ അറിയിച്ചിട്ടും സർക്കാർ അനുമതി നൽകുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
നാട്ടിലേക്ക് പോകാൻ സന്നദ്ധരായ മുഴുവൻ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിർദ്ദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ക്വാറന്റൈൻ ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണം. യു.എ.ഇയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് വിദേശകാര്യമന്ത്രിക്കും യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെ.എം.സി.സി കത്തു നൽകിയിരുന്നു.






