നസീര്‍ വാടാനപ്പള്ളിക്കായി പ്രാര്‍ഥനകളോടെ പ്രവാസലോകം

ദുബായ്-  കോവിഡ് ബാധിതനായി ആശുപത്രിയിലായ യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിക്ക് പ്രവാസലോകത്തിന്റെ സുഖാശംസ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുത്ത സാമൂഹിക പ്രവര്‍ത്തകനാണ് നസീര്‍ വാടാനപ്പള്ളി.
തിങ്കളാഴ്ച രാത്രിയോടെയാണ് നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും കാര്യമാക്കാതെ പ്രവര്‍ത്തനനിരതനായിരുന്നു. ആരോഗ്യ നില തൃപ്തികരമാണ്.
ഒരു മാസമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നയിഫില്‍ ആയിരങ്ങളെയാണ് ആഴ്ചകളെടുത്ത് നസീറിന്റെ നേതൃത്വത്തില്‍ പരിശോധനക്കു കൊണ്ടുപോയത്. തൊഴിലാളി ക്യാമ്പുകളും നസീറും സംഘവും സന്ദര്‍ശിച്ചിരുന്നു. നയിഫ് പ്രദേശത്ത് ആയിരക്കണക്കിന് ആളുകള്‍ക്ക് നസീറിന്റെ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചിരുന്നു.
കഴിഞ്ഞദിവസം ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ സന്ദേശത്തിലും നസീറിനെ അഭിനന്ദിച്ചിരുന്നു. നസീറിന്റെ ഭാര്യയും മൂന്നുമക്കളും ബന്ധുക്കളുടെ സംരക്ഷണയില്‍ ഖിസൈസിലാണ്.

 

Latest News