Sorry, you need to enable JavaScript to visit this website.

കുവൈത്തിലെ വനിതാ വ്യവസായിയുടെ പൗരത്വം പിൻവലിക്കണമെന്ന് ആവശ്യം

ദാലിയ ബദ്‌റാൻ

കുവൈത്ത് സിറ്റി - ഈജിപ്ഷ്യൻ വംശജയായ വനിതാ വ്യവസായി ദാലിയ ബദ്‌റാന്റെ കുവൈത്ത് പൗരത്വം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദാലിയ ബദ്‌റാൻ നടത്തിയ ചില പ്രസ്താവനകൾ സമൂഹത്തിൽ കുഴപ്പങ്ങൾ ഇളക്കിവിടുകയും പൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നതായി പലരും കരുതുന്നു. ഇതാണ് ഇവർക്കെതിരായ പ്രതിഷേധങ്ങൾക്ക് കാരണം. 
ഈ പ്രസ്താവനകളെ അപലപിച്ച് രംഗത്തെത്തിയ നിരവധി കുവൈത്തികൾ ദാലിയ ബദ്‌റാനെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. കുവൈത്തി പൗരന്മാരെ വിവാഹം ചെയ്യുന്ന വിദേശ വനിതകൾക്കും കുവൈത്തി വനിതകളെ വിവാഹം ചെയ്യുന്ന വിദേശികൾക്കും പൗരത്വം അനുവദിക്കാത്ത നിലക്ക് പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിട്ടുണ്ട്. 
ദാലിയ ബദ്‌റാനെതിരെ കുവൈത്തി അഭിഭാഷക ദലാൽ അൽമുല്ല ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷ തകർക്കുകയും കുഴപ്പങ്ങളും അരാജകത്വവും ഇളക്കിവിടുകയും സാമൂഹിക സമാധാനം തകർക്കുകയും ചെയ്യുന്ന പ്രസ്താവനകളാണ് ദാലിയ നടത്തിയതെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയ പരാതിയിൽ ദലാൽ അൽമുല്ല ആരോപിച്ചു. 
ദാലിയ ബദ്‌റാനെതിരെ നേരത്തെ തന്നെ കേസ് നൽകുന്നതിന് താൻ ആലോചിച്ചിരുന്നു. എന്നാൽ ദാലിയ ഇപ്പോൾ ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനകൾ കേസ് നൽകുന്നതിന് തന്നെ പ്രേരിപ്പിച്ചതായും ദലാൽ അൽമുല്ല പറഞ്ഞു. 


കുവൈത്തിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്നും പകരം ആഭ്യന്തര, വൈദേശിക ശത്രുക്കളിൽ നിന്ന് രാജ്യത്തിന് സംരക്ഷണം നൽകുന്നതിന് ഈജിപ്ഷ്യൻ സൈന്യത്തെ വിന്യസിക്കണമെന്നും ദാലിയ ബദ്‌റാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ നിർദേശിച്ചിരുന്നു. വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്ത ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് മടക്കയാത്ര തരപ്പെടുന്നതു വരെ കുവൈത്തി കുടുംബങ്ങൾ സ്വന്തം വീടുകളിൽ ആതിഥ്യം നൽകണമെന്നും ദാലിയ നിർദേശിച്ചിരുന്നു. കൊറോണ വ്യാപനം തടയുന്നതിന് ഈജിപ്തുകാർ അടക്കമുള്ള വിദേശ തൊഴിലാളികളെ മരുഭൂമിയിൽ തള്ളണമെന്നും നാടുകടത്തണമെന്നും മറ്റുമുള്ള പ്രസ്താവനകൾ കുവൈത്ത് വനിതാ എം.പിയും ടി.വി സീരിയൽ താരവും അടുത്തിടെ ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കൻ സൈന്യത്തെ പുറത്താക്കി പകരം കുവൈത്തിൽ ഈജിപ്ഷ്യൻ സൈന്യത്തെ വിന്യസിക്കണമെന്നും മടക്കയാത്ര തരപ്പെടുന്നതു വരെ ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് കുവൈത്തി വീടുകളിൽ ആതിഥ്യം നൽകണമെന്നും നിർദേശിച്ച് ദാലിയ ബദ്‌റാൻ പുലിവാലു പിടിച്ചിരിക്കുന്നത്. 

 

Latest News