ന്യൂദല്‍ഹി- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സർക്കാർ ലാബുകളില്‍ മാത്രമല്ല, സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സർക്കാർ മേൽനോട്ടത്തിലുള്ള ലാബുകളിൽ പരിശോധന സൗജന്യമായി നടക്കുമ്പോൽ സ്വകാര്യ ലാബുകളിൽ ഇതേ പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനയ്ക്ക് പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചതിനു ശേഷമാണ് കോടതി ഉത്തരവ്.
സ്വകാര്യ ലാബുകൾക്കുണ്ടാവുന്ന നഷ്ടം സർക്കാർ ഇടപെട്ട് നികത്തുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കാമെന്ന് ജസ്റ്റിസുമാരായ അശോക ഭൂഷൺ എസ് രവീന്ദ്രൻ ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേട്ടുകൊണ്ട് പറഞ്ഞു. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. കോവിഡ്-19 എന്ന ദേശീയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ 4500 രൂപ വരെ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ കഴിവിന്റെ പരിധിയിൽ വരില്ലെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പരിശോധനയിൽ നിന്നും ഒരാളും ഒഴിവാക്കപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് മഹാമാരി പ്രതിരോധത്തിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ലാബുകൾക്കും പങ്കുചേരാമെന്നും കോടതി പറഞ്ഞു. എൻ.എ.ബി.എൽ അംഗീകാരമുള്ളതോ ഡബ്ലൂ.എച്ച്.ഒ അല്ലെങ്കിൽ ഐ.സി.എം.ആർ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളിൽ മാത്രമേ കോവിഡ് പരിശോധന നടത്താവൂ എന്നും സുപ്രീം കോടതി നിഷ്കർഷിച്ചു. നിലവിൽ രാജ്യത്ത് 48 സ്വകാര്യ ലാബുകൾക്കാണ് കോവിഡ് പരിശോധനയ്ക്ക് അനുമതി ഉള്ളത്.
അതിനിടെ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സ്വന്തം വസതയില്‍ അടിയന്തര യോഗം വിളിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സുരേന്ദ്ര ജെയിന് തുടങ്ങിയവർ പങ്കെടുക്കും. ലോക്ഡൗൺ വീണ്ടും നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സൂചന നല്‍കിയതിനെ തുടർന്നാണ് യോഗം.






