ഭുവനേശ്വര്‍- ഒഡീഷയില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് നഴ്‌സുമാരെ വാടക വീട്ടില്‍നിന്ന് പുറത്താക്കി. കോവിഡ് തടയുന്നതിനുള്ള ലോക്ഡൗണ്‍ തുടരുമ്പോള്‍ മനുഷ്യത്വവും അവസാനിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി സംസ്ഥാന സര്‍ക്കാര്‍.
ആശുപത്രി വിടുന്ന രോഗികള്‍ക്ക് വീടുകള്‍ കേന്ദ്രീകരിച്ച് പരിചരണം നല്‍കിവന്ന രണ്ട് നഴ്‌സുമാരെയാണ് വാടക വീടിന്റെ ഉടമ ഇറക്കി വിട്ടതെന്ന് സര്‍ക്കാര്‍ വക്താവ് സുബ്രതോ ബാഗ്ചി പറഞ്ഞു.
വനിതാ നഴ്‌സുമാരില്‍ കോവിഡ് വൈറസ് ഉണ്ടാകുമെന്ന ഭീതി കാരണമാണ് ഭൂവുടമ അയല്‍ക്കാരുടെ സഹായത്തോടെ ഇവരെ പുറത്താക്കിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മനുഷ്യര്‍ അടച്ചിടപ്പെട്ടിരിക്കെ മനുഷ്യത്വവും അടച്ചിടരുതെന്ന് സുബ്രതോ അഭ്യര്‍ഥിച്ചു. പ്രായമേറിയവര്‍ക്ക് ശുശ്രൂഷ നല്‍കിവന്ന നഴ്‌സുമാരോടാണ് ഈ ക്രൂരത കാണിച്ചതെന്ന് ഓര്‍മവേണമെന്നും അദ്ദേഹം പറഞ്ഞു.
താമസിക്കാന്‍ ഇടമില്ലാതായ നഴ്‌സുമാരെ മറ്റൊരു കേന്ദ്രത്തില്‍ പാര്‍പ്പിച്ചതായും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.