കോഴിക്കോട്- കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട കോഴിക്കോട് മാത്തോട്ടം സ്വദേശിയുടെ മൃതദേഹം ഇന്നലെ ഖബറടക്കി. കുടുംബം മുഴുവൻ നിരീക്ഷണത്തിലാണ്. പ്രദേശത്ത് ഭീതി നിലനിൽക്കുന്നതിനാൽ ഖബറടക്കം നടത്തുവാൻ നാട്ടുകാരാരും തയാറായിരുന്നില്ല. മാത്തോട്ടം തുലാമുറ്റം വയൽ പി.ടി ഹൗസിൽ പി.ടി ആലിക്കോയയുടെ (76) മൃതദേഹമാണ് പിന്നീട് സന്നദ്ധ സംഘമെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ച് സംസ്കരിച്ചത്.
ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയുമെല്ലാം കർശന നിർദേശങ്ങൾക്കനുസൃതമായി മാത്തോട്ടം പള്ളി ഖബർസ്ഥാനിലാണ് ഖബറടക്കിയത്. ഇദ്ദേഹത്തിന്റെ മകൻ പി.ടി ഇഖ്ബാലിന്റെ മകൻ ദൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന് ഹോസ്പിറ്റൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
ഇയാളുടെ ആദ്യ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. എന്നാൽ കുടുംബാംഗങ്ങളോട് മുഴുവൻ ഹോം ക്വാറന്റൈനിൽ കഴിയുവാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു. ഇതിനിടയിലാണ് ആലിക്കോയ മരണപ്പെടുന്നത്. എന്നാൽ ഇവരുടെ കുടുംബത്തെക്കുറിച്ച് പ്രദേശത്ത് ഭീതിയുള്ളതിനാൽ ഖബറടക്കം നടത്തുവാൻ നാട്ടുകാരിൽ ആരും മുന്നോട്ടു വന്നില്ല. തുടർന്ന് പോപ്പുലർ ഫ്രിന്റെ സന്നദ്ധ സംഘാംഗങ്ങളായ കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സജീർ മാത്തോട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകരായ പി.മുസ്തഫ, എം.ഷാനവാസ്, സുൽഫി മാറാട്, ആഖിൽ മാറാട്, ജംഷീർ മാറാട് എന്നിവരാണ് ഖബറടക്ക ചടങ്ങുകൾ നിർവഹിച്ചത്. കോവിഡ് ബാധയുള്ള ആളല്ലെങ്കിലും സുരക്ഷാ കാരണങ്ങളാൽ മകനടക്കമുള്ളവരെ ഖബർസ്ഥാനിൽ പ്രവേശിക്കുന്നതിൽ നിന്ന് അധികൃതർ വിലക്കിയിരുന്നു. പകർച്ചവ്യാധി മാനദണ്ഡമനുസരിച്ച് പത്തടി ആഴമുള്ള കുഴിയെടുത്താണ് മൃതദേഹം സംസ്കരിച്ചത്.
മാത്തോട്ടം മസ്ജിദുൽ മുജാഹിദീൻ പരിപാലന കമ്മിറ്റി മുൻ പ്രസിഡന്റാണ് ആലിക്കോയ. ഭാര്യ: മറിയംബി. മക്കൾ: അബ്ദുൽ ഗഫൂർ, ഇഖ്ബാൽ. മരുമകൾ: ഖദീജ ബീവി.