കണ്ണൂർ - ലോക്ഡൗൺ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകൾ ഇനി ഹോംഡെലിവറി വഴി. കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ജില്ലയിൽ മരുന്നുകൾ വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് ജില്ലാ കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു. മരുന്നുകൾ വാങ്ങുന്നതിനായി റോഡിലിറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന പോലിസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മരുന്നുകൾ ആവശ്യമുള്ളവർ നിലവിൽ തദ്ദേശസ്ഥാപന തലങ്ങളിൽ പ്രവർത്തിക്കുന്ന കോൾ സെന്ററുകളിലേക്ക് വിളിച്ചറിയിച്ചാൽ അവ വീടുകളിലെത്തിക്കാൻ സംവിധാനം ഒരുക്കിയതായും ജില്ലാ കലക്ടർ അറിയിച്ചു.
കണ്ണൂർ നഗരപ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിൽ വിളിക്കാം. മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് അടിയന്തര സഹായം ആവശ്യമുള്ളവർക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം.ജില്ലയിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 10 തദ്ദേശ സ്ഥാപനങ്ങളിൽ ആളുകളുടെ സഞ്ചാരത്തിനും കൂട്ടംകൂടുന്നതിനും നിയന്ത്രണം നിലവിലുണ്ട്. കൊറോണ ബാധ സ്ഥിരീകരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങളിലുള്ളവരും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും അവലോകന യോഗം വിലയിരുത്തി. ലോക്ഡൗൺ ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് ജനങ്ങളുടെ ജാഗ്രതയിൽ കുറവുണ്ടാവരുത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ കർശനമാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.
ജില്ലയിലെത്തുന്ന മൽസ്യങ്ങൾ ഫോർമാലിൻ കലർന്നതും മാസങ്ങളുടെ പഴക്കമുള്ളതുമാണെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി. ജില്ലാ അതിർത്തികളിൽ മൽസ്യ വാഹനങ്ങൾ പരിശോധന നടത്തും. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾക്കു പുറമെ, മിൽമ വഴി പാൽ ലഭ്യമാക്കുന്ന നടപടി ജില്ലയിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇടവിട്ട ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട് ആളുകൾ നിരീക്ഷണത്തിൽ കഴിഞ്ഞ വീടുകളും കെട്ടിടങ്ങളും അണുവിമുക്തമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപടികളെടുക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.






