റിയാദ് - കൊറോണ വ്യാപനം ചെറുക്കുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി ചില നഗരങ്ങളിലെ വാഹന പരിശോധനാ കേന്ദ്രങ്ങൾ (മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ സെന്റർ) പൂർണമായും മറ്റു ചില നഗരങ്ങളിലെ കേന്ദ്രങ്ങൾ ഭാഗികമായും പ്രവർത്തനം നിർത്തിവെച്ചു. റിയാദ്-1, റിയാദ്-2, ജിദ്ദ-1, ജിദ്ദ-2, ദമാം, തായിഫ്, മക്ക, മദീന, ഹുഫൂഫ്, തബൂക്ക് വാഹന പരിശോധനാ കേന്ദ്രങ്ങളാണ് പൂർണമായും പ്രവർത്തനം നിർത്തിയത്. അൽഖസീം, അൽഖർജ്, അബഹ, ജിസാൻ, നജ്റാൻ, ഹായിൽ, യാമ്പു, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിലെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
അൽറസ്, അൽജൗഫ്, ബീശ, അൽഖുർമ, അൽബാഹ, മഹായിൽ അസീർ, അറാർ, ഖുറയ്യാത്ത്, വാദി ദവാസിർ എന്നിവിടങ്ങളിലെ വാഹന പരിശോധനാ കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെയും ശനിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയുമാണ് പ്രവർത്തിക്കുക.






