റിയാദ് - കൊറോണ പ്രതിസന്ധി എത്ര കാലം നീണ്ടുനിന്നാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും നിത്യോപയോഗ വസ്തുക്കളുടെ മതിയായ ലഭ്യത രാജ്യത്തുണ്ടാകുമെന്നും വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്ത് ഏറ്റവും ഉയർന്ന ഭക്ഷ്യലഭ്യതാ അനുപാതമുള്ളത് സൗദിയിലാണ്. മേഖലയിൽ ഏറ്റവും വലിയ കരുതൽ ഭക്ഷ്യശേഖരമുള്ളതും സൗദിയിലാണ്.
പ്രതിസന്ധി എത്ര കാലം നീണ്ടുനിന്നാലും സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വലിയ ലഭ്യതയുണ്ടാകും. സൗദിയിൽ മുട്ട ക്ഷാമമില്ല. രാജ്യത്തിന്റെ ശേഷികൾ അറിയുന്നവർ ഇത്തരം സംസാരങ്ങൾ വിശ്വസിക്കില്ല. ആളുകൾ കിംവദന്തികൾ വിശ്വസിക്കരുത്. രാജ്യത്ത് വലിയ തോതിലുള്ള ഉൽപാദനമുണ്ട്. സൗദി അറേബ്യക്ക് വലിയ ശേഷികളുണ്ടെന്നും അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.
പ്രാദേശിക വിപണിയിൽ ആവശ്യമായ മുട്ടയുടെ 116 ശതമാനം രാജ്യത്തു തന്നെ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചില കച്ചവടക്കാർ പിന്തുടരുന്ന നിഷേധാത്മക പ്രവണതകളാണ് പ്രാദേശിക വിപണിയിൽ മുട്ട വില ഉയരാൻ ഇടയാക്കിയത്. ഇത്തരം പ്രവണതകൾക്ക് തടയിടുന്നതിന് വിദേശങ്ങളിൽ നിന്ന് മുട്ട ഇറക്കുമതിക്ക് നടപടിയെടുത്തിട്ടുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ വിദേശങ്ങളിൽ നിന്നുള്ള മുട്ട വിപണിയിൽ എത്തുമെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.






