Sorry, you need to enable JavaScript to visit this website.

അതിർത്തിയിൽ പൊലിയുന്ന മനുഷ്യത്വം

മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റി നിർത്തുന്ന കാലത്തെയാണ് കോവിഡ് രോഗം ലോകത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും അതിർത്തികളെ അതിവേഗം ഭേദിച്ച് മുന്നോട്ടു പോയ മനുഷ്യനെ വീടെന്ന സ്വത്വത്തിലേക്ക് തിരിച്ചെത്തിക്കുന്ന കാലം. സ്വന്തം അതിർത്തിക്കുള്ളിലേക്ക് അപ്പുറത്തു നിന്ന് ആരും വരുന്നത് ഇഷ്ടപ്പെടാത്ത ഒരു മാനസികാവസ്ഥയിലേക്ക് മനുഷ്യ സമൂഹത്തെ കോവിഡ് എത്തിച്ചിരിക്കുന്നു. ഒരു രാജ്യത്തു നിന്ന് മറ്റൊന്നിലേക്ക്, ഒരു സംസ്ഥാനത്തു നിന്ന് മറ്റൊന്നിലേക്ക്, ഒരു ജില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് എന്നിങ്ങനെ സഞ്ചാരങ്ങളുടെ അതിരുകളെല്ലാം കൊട്ടിയടക്കപ്പെടുന്നു.  ലോകം പൊടുന്നനെ ഇത്തരമൊരു പുതിയ ക്രമത്തിലേക്ക് പിൻവലിക്കപ്പെടുമ്പോൾ അവഗണിക്കപ്പെടുന്നതും മനുഷ്യത്വമാണ്. വടക്കേ മലബാറിൽ കാസർകോടിന്റെ അതിർത്തി കർണാടകം അടച്ചു പൂട്ടിയപ്പോൾ പൊലിഞ്ഞു പോയത് കുറെ മനുഷ്യ ജീവനുകളാണ്. കേരളത്തിൽ കോവിഡ് കവർന്നെടുത്തതിനേക്കാൾ ജീവിതങ്ങൾ കർണാടകയുടെ കടുത്ത നിലപാടു മൂലം പൊലിഞ്ഞു പോയി.
എല്ലാ രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഗ്രാമങ്ങൾക്കും സ്വന്തം നാടും അവിടുത്തെ മനുഷ്യരും വിലപ്പെട്ടതാണ്. നമ്മുടെ ഗ്രാമത്തിൽ കോവിഡ് രോഗി ഇല്ലല്ലോ എന്ന് ആശ്വസിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ലോകത്തിലെ എല്ലാ മനുഷ്യരും. അത്രമേൽ മനുഷ്യ മനസ്സുകളെ ഈ രോഗം ചുരുക്കുകയും ചെയ്തിരിക്കുന്നു. കർണാടക സർക്കാറും ഇന്ന് ഇതേ മാനസികാവസ്ഥയിലാണ്. ഇന്ത്യയിൽ തന്നെ കോവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലാകട്ടെ, കാസർകോടാണ് ഹോട്ട്‌സ്‌പോട്ട്. ഈ അവസ്ഥയിൽ കാസർകോട് വഴിയുള്ള മനുഷ്യ സഞ്ചാരം സ്വന്തം സംസ്ഥാനത്തെ രോഗഗ്രസ്ഥമാക്കുമെന്ന ഭീതിയാണ് കർണാടകയുടെ നിലപാടുകളെ സ്വാധീനിക്കുന്നത്. സുപ്രീം കോടതി വരെ പറഞ്ഞിട്ടും കാസർകോടിന്റെ അതിർത്തികൾ രോഗികൾക്കു വേണ്ടി പോലും തുറന്നു കൊടുക്കാൻ കർണാടക സർക്കാർ തയാറാകുന്നില്ലെന്നത്, ആപത്തു കാലത്ത് മനുഷ്യർ എത്രമേൽ സ്വാർഥരാകുമെന്നാണ് കാണിച്ചു തരുന്നത്.
കർണാടകയുടെ ഈ കടുംപിടിത്തത്തിന് മുന്നിൽ മരിക്കുന്നത് മനുഷ്യത്വമാണ്. കേരളം ആവശ്യപ്പെട്ടത് മംഗലാപുരത്തെ മാളുകളിലേക്ക് ജനങ്ങൾക്ക് പോകാൻ വഴി വേണമെന്നല്ല. മറിച്ച്, മരണത്തെ മുഖാമുഖം കണ്ട് അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കാസർകോട്ടെ രോഗികൾക്ക് മംഗലാപുരത്തെ ആശുപത്രിയിലെത്താൻ ആംബുലൻസിന് വഴി വേണമെന്നാണ്. എന്നാൽ അതിർത്തിയിലെ കർണാടക പോലീസുകാർ ആംബുലൻസുകൾ കരുണയില്ലാതെ തിരിച്ചയക്കുമ്പോൾ ഓരോ രോഗിയും അന്ത്യശ്വാസം വലിക്കുന്നു. കർണാടക സർക്കാറിന്റെ കടുത്ത നിലപാട് അതിർത്തിയിലെ പോലീസുകാർ നടപ്പാക്കുമ്പോൾ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ സ്വന്തം അതിർത്തി കാക്കാനുള്ള വ്യഗ്രതയിൽ ഭരണാധികാരികൾക്ക് മനുഷ്യത്വം തന്നെ നഷ്ടപ്പെടുന്നുവെന്നാണ് കർണാടക അതിർത്തിയിലെ സംഭവങ്ങൾ കാണിക്കുന്നത്.
മലബാർ മേഖലയിലുള്ള ജനപ്രതിനിധികളുടെ കണ്ണു തുറപ്പിക്കേണ്ട സംഭവം കൂടിയാണിത്.  ആരോഗ്യ മേഖലയിൽ ഏറെ മുന്നിലെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലെ ഒരു ജില്ലയിൽ അടിയന്തര ചികിൽസക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലെന്നത് കേരളത്തിലെ സർക്കാറിനെയും ആ ജില്ലയിലെ ജനപ്രതിനിധികളെയും നാണിപ്പിക്കണം. മുമ്പ് മംഗലാപുരം ഉൾപ്പെടെയുള്ള സൗത്ത് കാനറ പ്രവശ്യയുടെ ഭാഗമായിരുന്നു കാസർകോട് എന്നതുകൊണ്ട് പിൽക്കാലത്തും എല്ലാ കാര്യങ്ങൾക്കും മംഗലാപുരത്തെ ആശ്രയിക്കാമെന്ന ചിന്തയാണ് കാസർകോട്ടുകാരെ ഇത്തരമൊരു ദുരവസ്ഥയിലെത്തിച്ചത്. മലബാർ ജില്ലകളിൽ കണ്ണൂരും കോഴിക്കോടും മലപ്പുറവുമെല്ലാം ആരോഗ്യ രംഗത്ത് എറെ സ്വയംപര്യാപ്തമാണ്. ആധുനിക ചികിൽസക്ക് മലബാറിന് പുറത്തുള്ളവർ പോലും ഈ ജില്ലകളിലേക്കാണ് എത്തുന്നത്. എന്നാൽ കാസർകോടും വയനാടും ഇപ്പോഴും ആധുനിക ചികിൽസയിൽ പിറകിലാണ്. വയനാട്ടുകാർ കോഴിക്കോട് നഗരത്തെ ആശ്രയിക്കാൻ തയാറുകുമ്പോൾ കാസർകോട്ടുകാർ കണ്ണൂരിനെയോ കോഴിക്കോടിനെയോ ആശ്രയിക്കുന്നില്ലെന്നാണ് പുതിയ സംഭവങ്ങൾ വെളിവാക്കുന്നത്.
പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും മന്ത്രിമാരുമൊക്കെയായി ഒട്ടേറെ ജനപ്രതിനിധികൾ കാസർകോടിനെ പ്രതിനിധീകരിച്ചു വരുന്നുണ്ട്. സ്വകാര്യ മേഖലയിലും സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്നവരുള്ള നാടാണ് കാസർകോട്. എന്നിട്ടും ആധുനിക ചികിൽസക്ക് ആവശ്യമായ ആതുരാലയങ്ങൾ പോതുമേഖലയിലോ സ്വകാര്യ മേഖലയിലോ ആവശ്യത്തിനില്ല എന്നത് കേരളത്തെ ഇരുത്തി ചിന്തിപ്പിക്കണം. പാലക്കാട് ജില്ലയിലെ ആളുകൾ ചികിൽസക്കായി തമിഴ്്‌നാട്ടിലെ കോയമ്പത്തൂരിനെ ആശ്രയിക്കുന്നുണ്ടെങ്കിലും അവർ സമാന്തരമായി തൃശൂരിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെയും ഉപയോഗപ്പെടുത്തുന്നവരാണ്. കാസർകോട് ജില്ലക്കാർ അനുഭവിക്കുന്ന ആരോഗ്യ മേഖലയിലെ പ്രതിസന്ധി കേരളത്തിലെ മറ്റൊരു ജില്ലക്കാർക്കുമില്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
അരി മുതൽ പച്ചക്കറി വരെയുള്ള അവശ്യസാധനങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികൾക്ക് ആരോഗ്യ സേവനങ്ങൾക്കും അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. ആരോഗ്യ രംഗത്ത് ഏറെ മുന്നിലെന്ന് അഭിമാനിക്കുമ്പോഴും ഈ വൈകല്യം നാം കണേണ്ടതുണ്ട്. 
സംസ്ഥാനങ്ങൾ തമ്മിലുള്ള നല്ല ബന്ധം ജനങ്ങളുടെ ജീവിത വളർച്ചയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. എന്നാൽ സ്വന്തം കാലിൽ ഉറച്ചു നിൽക്കാനുള്ള ശക്തി സംഭരിക്കൽ പ്രധാനമാണ്. അവശ്യ സമയങ്ങളിൽ മറ്റുള്ളവർക്ക് മുന്നിൽ ജീവനു വേണ്ടി യാചിക്കുന്ന അവസ്ഥ മാനവികതയുടെ പരാജയമാണ്. കോവിഡ് കാലം കേരളത്തിന് കാണിച്ചു തരുന്നത് വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലക്കാരുടെ നിസ്സഹായാവസ്ഥയാണ്. ഇത് തിരിച്ചറിഞ്ഞ് ആ പ്രദേശത്തെ ജനങ്ങൾക്ക് ആധുനിക ചികിൽസാ സൗകര്യങ്ങൾ സ്വന്തം നാട്ടിൽ തന്നെ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. 

Latest News