സയ്‌നയോ സിന്ധുവോ?

ഐശ്വര്യത്തിന്റെ സൈറൺ വിളിയെക്കുറിച്ച് നാടോടിക്കാറ്റിൽ ദാസനും വിജയനും തമ്മിലുള്ള താത്വിക ചർച്ച അവസാനിക്കുന്നത് വിജയന്റെ അർഥഗർഭമായ നിരീക്ഷണത്തോടെയാണ്, എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.. ലോക ബാഡ്മിന്റണിൽ ഇത് പി.വി സിന്ധുവിന്റെ സമയമാണ്. ഒരു വർഷത്തിനിടയിൽ സിന്ധു വാരിക്കൂട്ടിയ വിജയങ്ങളുടെയും പാരിതോഷികങ്ങളുടെയും കണക്കെടുക്കുമ്പോൾ അക്ഷരാർഥത്തിൽ അത് ഐശ്വര്യത്തിന്റെ സൈറൺ വിളി തന്നെ. ലോക ബാഡ്മിന്റൺ ചരിത്രത്തിലെ മികച്ച മത്സരങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട ഐതിഹാസിക ഫൈനലിലെ വീരോചിത പോരാട്ടത്തിന്റെ വെള്ളിവെളിച്ചത്തിലാണ് ഇപ്പോൾ സിന്ധു. സിന്ധുവിന്റെ വെള്ളിക്ക് സ്വർണത്തിളക്കം ലഭിച്ചപ്പോൾ അതിന്റെ നിഴലിൽ മറഞ്ഞുപോയി സയ്‌ന നേവാളിന്റെ വെങ്കലം. ഇന്ത്യൻ ബാഡ്മിന്റണിൽ വനിതാ മുന്നേറ്റത്തിന്റെ പതാകവാഹകയായ സയ്‌ന ഇന്നൊരു നിഴൽ മാത്രമാണ്. എന്നാൽ ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു നേടിയ വെള്ളിയെക്കാൾ പ്രാധാന്യമുണ്ട് സയ്‌ന നേടിയ വെങ്കലത്തിന്. ഞാൻ ഇവിടെയൊക്കെയുണ്ട് എന്ന സയ്‌നയുടെ പ്രഖ്യാപനമായിരുന്നു അത്.
2016 ലെ റിയൊ ഒളിംപിക്‌സിലായിരുന്നു ഇന്ത്യൻ ബാഡ്മിന്റണിലെ രണ്ട് ഹൈദരാബാദി വനിതാ രത്‌നങ്ങൾ തമ്മിലെ സമവാക്യത്തിൽ വഴിത്തിരിവുണ്ടായത്. ഉറച്ച മെഡൽ പ്രതീക്ഷയായാണ് സയ്‌ന ബ്രസീലിലെത്തിയത്. സയ്‌നയുടെ പിൻഗാമിയായി വാഴ്ത്തപ്പെട്ട കളിക്കാരിയാണ് സിന്ധു. സയ്‌നയെക്കാൾ മുമ്പെ ലോക ചാമ്പ്യൻഷിപ്പിൽ മെഡലും നേടിയിട്ടുണ്ട്. എന്നാൽ ഒളിംപിക്‌സിനു മുമ്പുള്ള ടൂർണമെന്റുകളിൽ നിറംമങ്ങിയ സിന്ധു റിയോയിൽ ആദ്യ റൗണ്ടുകൾ അതിജീവിക്കുമെന്ന് അധികമാരും കരുതിയില്ല. അതേസമയം ഒളിംപിക്‌സിന് മുമ്പ് നടന്ന ഇന്ത്യൻ ഓപണിലും മലേഷ്യൻ ഓപണിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സെമിയിലെത്തിയിരുന്നു സയ്‌ന. ഓസ്‌ട്രേലിയൻ സൂപ്പർ സീരീസിൽ ചാമ്പ്യനായി. തന്റെ മൂന്നാം ഒളിംപിക്‌സിൽ അഞ്ചാം സീഡായിരുന്നു സയ്‌ന. എന്നാൽ ഒളിംപിക്‌സിൽ പരിക്കുകൾ സയ്‌നയെ അലട്ടി. രണ്ടാം റൗണ്ടിൽ ലോക അറുപത്തൊന്നാം നമ്പർ മരിയ യൂലിതീനയോട് തോറ്റു. അതേസമയം സിന്ധു അപ്രതീക്ഷിതമായി മുന്നേറി. റിയോയിൽ ഒരു മെഡലിനായി ദാഹിച്ച രാജ്യത്തിനു മുന്നിൽ സിന്ധു പ്രതീക്ഷയുടെ തിരിനാളമായി. രണ്ടാം സീഡ് വാംഗ് യിഹാനെ സിന്ധു ക്വാർട്ടറിൽ അട്ടിമറിച്ചു, സെമിയിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ കീഴടക്കി. ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട ഒളിംപിക്‌സ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത ചാമ്പ്യനാവാൻ സിന്ധുവിന് ഒരു ജയം കൂടി മതിയെന്നായി. മൂന്നു ഗെയിം നീണ്ട ആ കലാശപ്പോരാട്ടം രാജ്യത്തെ മുൾമുനയിൽ നിർത്തി. തോൽവി സിന്ധുവിന്റെ വീരപരിവേഷം വർധിപ്പിക്കുകയാണ് ചെയ്തത്. സഹതാപതരംഗം സിന്ധുവിന്റെ ജനപ്രീതി വർധിപ്പിച്ചു. ഇന്ത്യൻ ബാഡ്മിന്റണിലെ ശാക്തിക സമവാക്യങ്ങളെ അത് തിരുത്തിക്കുറിച്ചു. സിന്ധുവും സയ്‌നയും അവിടെ നിന്ന് രണ്ടു വഴിയിലേക്കാണ് പോയത്.
2016 ലെ അവശേഷിച്ച കാലം പരിക്കുമായി പോരടിക്കുകയായിരുന്നു സയ്‌ന. ഈ വർഷമാദ്യം തിരിച്ചുവന്ന ശേഷവും വലിയ വിജയങ്ങൾ സ്വന്തമാക്കാനായില്ല. 2015 ഏപ്രിലിൽ ലോക ഒന്നാം നമ്പർ പദവി വരെയെത്തിയ സയ്‌ന ഇപ്പോൾ പതിനാറാം റാങ്കാണ്. അതേസമയം ഒളിംപിക്‌സ് ഫൈനലിലേക്കുള്ള കുതിപ്പും അതുവഴി കിട്ടിയ പ്രശസ്തിയും സിന്ധുവിന്റെ ആത്മവിശ്വാസം വാനോളമുയർത്തി. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്‌ന സ്വന്തമാക്കി. ചട്ടങ്ങൾ തിരുത്തി ആന്ധ്രപ്രദേശ് സർക്കാർ സിന്ധുവിനെ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചു. 
റിയൊ ഒളിംപിക്‌സിന് ഒരു വർഷത്തിനു ശേഷം ലോക ചാമ്പ്യൻഷിപ്പിന് ഇരുവരും എത്തിയത് വ്യത്യസ്തമായ പ്രതിഛായയോടെയായിരുന്നു. സയ്‌നയിൽ അധികമാർക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. സിന്ധു കുതിപ്പിന്റെ പാതയിലായിരുന്നു. സിന്ധുവിന് 22 വയസ്സേ ആയുള്ളൂ, ഒന്നോ രണ്ടോ ഒളിംപിക്‌സിലും പല ലോക ചാമ്പ്യൻഷിപ്പുകളിലും കളിക്കാൻ ബാല്യമുണ്ട്. സയ്‌നക്ക് ഇരുപത്തേഴു വയസ്സായി. ലോക റാങ്കിംഗിൽ ആദ്യ ഇരുപതിലുള്ള പ്രായമേറിയ കളിക്കാരിയാണ്. 2020 ലെ അടുത്ത ഒളിംപിക്‌സിൽ പോലും സ്ഥാനമുറപ്പില്ല.
അതുകൊണ്ടു തന്നെ ലോക ചാമ്പ്യൻഷിപ്പിൽ സയ്‌ന നേടിയ വെങ്കലത്തിന് സിന്ധുവിന്റെ വെള്ളിയെക്കാൾ പ്രാധാന്യമുണ്ട്. രണ്ടു പേരും തോറ്റത് ചാമ്പ്യൻ നൊസോമി ഒകുഹാരയോടാണ്. ഇരുപത്തിരണ്ടുകാരികൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ലോക ചാമ്പ്യൻഷിപ്പിലെ ഫൈനൽ (19-21, 22-20, 20-22). ഏതു വശത്തേക്കും അത് മാറിമറിയാമായിരുന്നു. ഒകുഹാര ചെറിയ വ്യത്യാസത്തിൽ സ്വർണം നേടിയെന്നു മാത്രം. അവസാന ഘട്ടത്തിൽ അൺഫോഴ്‌സ്ഡ് എറർ വരുത്തിയത് സിന്ധുവിന്റെ പിരിമുറുക്കത്തിന്റെ ലക്ഷണമായി വേണമെങ്കിൽ വിലയിരുത്താമെന്നേയുള്ളൂ. 
അതേസമയം സയ്‌നയും ഒകുഹാരയും തമ്മിലുള്ള സെമിയിൽ പ്രായം പ്രധാന ഘടകമായി. ആദ്യ ഗെയിമിൽ ഉജ്വല ഫോമിൽ കളിച്ച സയ്‌ന എതിരാളിയെ നിഷ്പ്രഭയാക്കി. 21-12 ന് അനായാസം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ഇടവേള വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. 11-10 ൽ ഒകുഹാര മുന്നിലെത്തി. പിന്നീട് ദീർഘ റാലികളിലൂടെ ജപ്പാൻകാരി ഇന്ത്യൻ താരത്തെ തളർത്തി. സയ്‌നയുടെ പ്രായമേറിയ കാലുകൾക്ക് അതിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 21-12, 17-21 21-10 ന് ഒകുഹാര കളി ജയിച്ചു. 
തോറ്റെങ്കിലും കളി മികവിന്റെ കാര്യത്തിൽ ഇപ്പോഴും തന്നെ വെല്ലാൻ അധികമാരുമില്ലെന്ന വലിയ സന്ദേശമാണ് സയ്‌ന നൽകിയത്. രണ്ടു ഗെയിമിൽ കളി തീർക്കാനാവുകയാണെങ്കിൽ സയ്‌ന തന്നെയായിരിക്കും സൂപ്പർ. എതിരാളികളേറെയും ചെറുപ്പക്കാരികളായതോടെ ആക്രമിച്ചു കളിക്കുകയെന്നതാണ് ഇപ്പോൾ സയ്‌നയുടെ തന്ത്രം. മൂന്നാം ഗെയിമിലേക്ക് കളി നീളുമ്പോൾ പ്രായം പ്രശ്‌നമാണെന്ന് സയ്‌ന മനസ്സിലാക്കുന്നു. കഴിവിന്റെ കാര്യത്തിൽ ഏതു മുൻനിര താരത്തെയും വെല്ലാൻ സയ്‌നക്കു സാധിക്കും. ക്രോസ് കോർട് സ്മാഷുകൾ ഏറ്റവും മികച്ചതാണ്. പ്രായവും പരിക്കുള്ള കാൽമുട്ടും ചെറുപ്പക്കാരികളോട് ഏറ്റുമുട്ടുമ്പോൾ സയ്‌നക്ക് തടസ്സമാവുന്നു എന്നു മാത്രം. 

Latest News