Sorry, you need to enable JavaScript to visit this website.

കേരളത്തെ ഭയപ്പെടുത്തിയ ആ വസൂരിക്കാലം 

മുഖത്തു വ്യാപിക്കുന്ന വസൂരി വ്രണങ്ങൾ കണ്ടാൽ മുഖത്ത് ധാരാളം കണ്ണുകൾ ഉള്ളതുപോലെ തോന്നുമെന്നു വടക്കെ മലബാറിൽ വസൂരി രോഗികളെ പരിചരിച്ചവരുടെ ഓർമയെഴുതിയവർ രോഗത്തിന്റെ ഭീകരത പറയുന്നു.  ഇരുപതാം നൂറ്റാണ്ടിന്റെ മഹാമാരിയായിരുന്ന വസൂരി 1966-1977 കാലത്തെ  കുത്തിവെപ്പ് വഴിയാണ് ലോകത്തു നിന്ന്   ഇല്ലാതാക്കിയത്. അതിനോടകം 30 കോടി മനുഷ്യരെ ആ മഹാരോഗം  തിരിച്ചുവിളിച്ചിരുന്നു.

കേരളത്തിലും എഴുപത് കഴിഞ്ഞവരിൽ പലരുടെയും ഓർമയിലെ വസൂരിക്കാലം പേടപ്പെടുത്തുന്നതായിരിക്കും.  പലരും മരണത്തിന്റെയും ജീവിതത്തിന്റെയും നൂൽപാലം നീന്തിക്കടന്നവരുൾപ്പെടുന്ന കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കും. അല്ലെങ്കിൽ സ്‌നേഹ ജനങ്ങളോ, അയൽക്കാരോ ആ ഘട്ടം കടന്നവർ.  ഒരു മഹാമാരി എങ്ങനെ മനുഷ്യരെ നിസ്സഹായരാക്കി എന്നറിയാവുന്നവർ.  സാമൂഹ്യ മാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് പഴമക്കാരുടെ ഓർമകൾ പുതുതലമുറ അക്ഷരങ്ങളിലും വാക്കുകളിലും പകർത്തി വെക്കുന്നുണ്ട്. പത്രങ്ങളുടെ പ്രാദേശിക പേജുകളിലും അത്തരം അനുഭവ, വിവരണങ്ങളടങ്ങുന്ന വാർത്തകൾ കാണാം.   മംഗളൂരിൽ നിന്ന് കാസർകേട്ടേക്കുള്ള യാത്രക്കിടയിൽ വസൂരി പിടിപെട്ട് മരിച്ചുപോയ പിതാവിനെ ഓർത്തെടുക്കുന്ന, തൃക്കരിപ്പൂരിലെ 78 കാരിയായ കല്ലുവീട്ടിൽ പഴയ പാടില്ലത്ത് ബീഫാത്തിമ  അവരിലൊരാളാണ്. പ്രിയ പിതാവ് അബ്ദുല്ല ഉമ്മ കുഞ്ഞാമിനക്ക്  സമ്മാനിച്ച പേരെഴുതിയ മോതിരം  ഓർമക്കായി ബീഫാത്തിമ    ഇപ്പോഴും  സൂക്ഷിക്കുന്നു. ഉമ്മയെയും തന്നെയും  തൃക്കരിപ്പൂരിലെ വീട്ടിലെത്തി കാണാതെ കൈക്കോട്ടുകടവിലെ സ്വന്തം വീട്ടിലേക്ക് പോയ അബ്ദുല്ല അവിടെ വെച്ച് മരിക്കുമ്പോൾ പ്രായം 27. ബീഫാത്തിമക്ക് അന്ന് ഒന്നര വയസ്.   
കോവിഡ് നാളിലെ വീട്ടുവാസത്തിനിടക്ക്, ഇപ്പോൾ  74 പിന്നിട്ട സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തന്റെ വസൂരിക്കാല   ഓർമകൾ പങ്കുവെച്ചിട്ടുണ്ട്.   വീട്ടിൽ പരിചരണ സൗകര്യമുള്ളതിനാൽ പന്ന്യനെ ഒരു മുറിയിലടക്കുകയായിരുന്നു. അപൂർവം ആളുകൾ മാത്രം സന്ദർശിച്ചു. അമ്മ മാത്രം കണ്ണീരുമായി എപ്പോഴും അടുത്തു നിന്ന് മാറിയില്ല.  ഒരു ഘട്ടമെത്തിയപ്പോൾ മരിച്ചെന്ന് ഉറപ്പാക്കി അന്ത്യകർമങ്ങൾക്കെടുത്തതാണ്. അവസാന നിമിഷം നിത്യസന്ദർശകനായ വ്യക്തി കണ്ണിൽ മല്ലിവെള്ളമൊഴിച്ചു. കണ്ണ് തുറന്നു വരുന്നതു കണ്ട് അന്ത്യകർമങ്ങൾ ഉപേക്ഷിച്ച കാര്യം പന്ന്യൻ വർഷങ്ങൾക്കിപ്പുറം ഓർത്തു പറയുന്നു.  വീടുകളിൽ സൗകര്യമില്ലാത്തവരെ വസൂരിക്കാലത്ത് പുൽപായയിൽ പൊതിഞ്ഞ്  ആളില്ലാത്ത സ്ഥലങ്ങളിൽ എത്തിക്കലായിരുന്നു ചില പ്രദേശങ്ങളിലെ  അക്കാലത്തെ വഴികളിലൊന്ന്. അങ്ങനെയുള്ളവരെ  അധികപേരും അടുത്ത് ചെന്ന് പരിചരിക്കില്ല. സേവന മനസ്സുള്ളവരും കുടുംബത്തിലെ ത്യാഗബുദ്ധികളും മാത്രം അടുത്തു ചെന്ന് സഹായിച്ചു.  അങ്ങനെ അടുത്തിടപഴകിയ വരെയും മഹാരോഗം പിടികൂടി. കുടുംബത്തിലെല്ലാവരും ഒന്നിന് പിറകെ ഒന്നായി വസൂരി വന്ന് മരിച്ചുപോയതിന്റെ  ഓർമയും അനേകായിരങ്ങൾ അവരുടെ പിൻതലമുറക്ക് കൈമാറിയിട്ടുണ്ട്. അവരൊക്കെ കോവിഡ്19 കാലത്ത് അക്കാര്യം പങ്കുവെക്കുന്നു- ഇതുപോലൊരു കാലം തങ്ങൾ പണ്ടൊരിക്കൽ ജീവിച്ചനുഭവിച്ചതാണെന്ന്. തിരുവിതാംകുറിലെ ചില പ്രദേശങ്ങളിൽ വസൂരി രോഗികളെ ചികിത്സിക്കാനെന്ന പേരിൽ ഏറ്റെടുത്ത് ചൂഷണം ചെയ്ത അനുഭവങ്ങളും പലരും പറയുന്നുണ്ട്.  പുൽപായ വിരിച്ച് ആര്യവേപ്പിന്റെ ഇല കട്ടിയിൽ വിതറി രോഗിയെ കിടത്തുന്നതാണ് പ്രധാന ചികിത്സ. അത്യാവശ്യം ജീവിത സൗകര്യമുള്ളവർ ഹോമിയോയും  ആയുർവേദവുമൊക്കെ പരീക്ഷിച്ചു നോക്കി.  പന്ന്യൻ രവീന്ദ്രന് ഇത്തരത്തിൽ ചികിത്സ കിട്ടിയിരുന്നതായി അദ്ദേഹം പറയുന്നു. രോഗം പിടികൂടിയ കാലത്ത് 15 കാരനായിരുന്ന പന്ന്യൻ തന്റെ ചികിത്സാനുഭവം ഇങ്ങനെ  വിവരിക്കുന്നു 'കണ്ണൊന്നു തുറക്കാനോ ഒരക്ഷരം മിണ്ടാനോ  പറ്റുന്നില്ല. മരിച്ചിട്ടില്ലെന്നു പറയണമെന്നുണ്ട്. ശബ്ദം പുറത്തു വരുന്നില്ല. മരിച്ചെന്നു കരുതി എല്ലാവരും കൂടി കൊണ്ടുപോയി സംസ്‌കരിച്ചാലോ എന്ന പേടി. അപ്പോഴാണ് കണ്ണിൽ മല്ലിവെള്ളമൊഴിക്കാൻ സുഹൃത്തുക്കളായ കുമാരനും സുധാകരനും വരുന്നത്. അവർ കണ്ണു തുറപ്പിച്ചു നോക്കി മരിച്ചിട്ടില്ലെന്ന് പ്രഖ്യാപനം. മൂന്നര മാസമാണ് ആ കിടപ്പു കിടന്നത്. ആയുർവേദവും ഹോമിയോയും തുണച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. അങ്ങനെ കേരള രാഷ്ട്രീയത്തിന് ലളിത വിശുദ്ധിയുടെ പ്രതീകമായ ഒരു കമ്യൂണിസ്റ്റ്് നേതാവിനെ ലഭിച്ചു.  
ഓരോ പ്രദേശത്തെയും സാമൂഹ്യ സാഹചര്യവും കുടുംബാന്തരീക്ഷവുമനുസരിച്ച് ചികിത്സയും പരിചരണങ്ങളും മാറി മറിഞ്ഞിട്ടുണ്ടാകാം.  പന്ന്യൻ രവീന്ദ്രന് ലഭിച്ചതു പോലുള്ള ബദൽ ചികിത്സ കിട്ടിയവരായിരിക്കുമോ അന്ന് അതിജീവിച്ചവർ? മരണത്തിന്റെ വർത്തമാനങ്ങൾ മാത്രം കേട്ട ഭീതിദ നാളുകളായിരുന്നു അത്. വസൂരിക്കാലത്ത് തിരുവനന്തപുരത്തെ ചില പ്രദേശങ്ങളിലെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ കാര്യം നൂറു വർഷം മുമ്പുള്ള പത്ര വാർത്തകളിൽ കാണാം. ആശുപത്രി സൗകര്യമൊക്കെ അക്കാലത്ത് ഇന്ന് ആലോചിക്കാൻ സാധിക്കാത്ത വിധം  പരിമിതമായിരുന്നു.  വസൂരി പിടിപെട്ടാൽ അതിവേഗം ശരീരമാസകലം വലിയ കുമിളകൾ പൊങ്ങി വരും. മെല്ലെ, മെല്ലെ അത് വ്രണമായിത്തീരും.  മുഖത്തു വ്യാപിക്കുന്ന വസൂരി മുറിവുകൾ കണ്ടാൽ മുഖത്ത് ധാരാളം കണ്ണുകൾ ഉള്ളതുപോലെ തോന്നുമെന്ന് വടക്കെ മലബാറിൽ വസൂരി രോഗികളെ പരിചരിച്ചവരുടെ ഓർമയെഴുതിയവർ രോഗത്തിന്റെ ഭീകരത പറയുന്നു.  ഇരുപതാം നൂറ്റാണ്ടിന്റെ മഹാമാരിയായിരുന്ന വസൂരി 1966-1977 കാലത്തെ  കുത്തിവെപ്പ് വഴിയാണ് ലോകത്തു നിന്ന്   ഇല്ലാതാക്കിയത്. അതിനോടകം 30 കോടി മനുഷ്യരെ ആ മഹാരോഗം  തിരിച്ചുവിളിച്ചിരുന്നു.

Latest News