കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊറോണ; മൊബൈല്‍ റീചാര്‍ജ് കടകള്‍ ഞായറാഴ്ച തുറക്കും

തിരുവനന്തപുരം- കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്കും കണ്ണൂരില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം,കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചവരില്‍ നാലുപേരാണ് വിദേശത്ത് നിന്നെത്തിയത്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കമാണ് വൈറസ് ബാധയ്ക്ക് കാരണം.

പന്ത്രണ്ട് പേര്‍ക്ക് വൈറസ് പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 263 പേരാണ് ചികിത്സയിലുള്ളത്. 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പരിശോധനക്ക് അയച്ച 11231 പേരുടെ സാമ്പിളുകളില്‍ 10250 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണില്‍ കേന്ദ്ര നിലപാടാണ് അന്തിമം. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം മാത്രമേ സംസ്ഥാനം ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളു.ലോക്ക്ഡൗണിന് ശേഷം കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനുള്ള ശിപാര്‍ശ കര്‍മസമിതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കടകള്‍ക്ക് ഞായറാഴ്ച തുറക്കാം. വര്‍ക്ക്‌ഷോപ്പുകള്‍ ഞായര്‍,വ്യാഴം ദിവസങ്ങളില്‍ തുറക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രീഷ്യന്‍മാര്‍ക്ക് വീടുകളില്‍ റിപ്പയറിങ് ജോലികള്‍ക്കായി പോകാനുള്ള അനുമതി നല്‍കും. കൊറോണ ലോക്ക്ഡൗണിനിടെ ശ്രദ്ധയില്‍പ്പെട്ട കരിംചന്തയും പൂഴ്ത്തിവെപ്പും അനുവദിക്കില്ല. റേഷന്‍ വിതരണത്തില്‍ നല്ല മുന്നേറ്റമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരില്‍ നിന്ന് കൃഷി വകുപ്പ് പച്ചക്കറികള്‍ സംഭരിക്കും. വിഷു,ഈസ്റ്റര്‍ വിപണിക്കായുള്ള പച്ചക്കറി കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി സംഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News