കോവിഡ് ഉപദേശങ്ങള്‍ വര്‍ധിച്ചു; വാട്‌സ്ആപ്പ് ഫോര്‍വേഡ് ഒന്നാക്കി ചുരുക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ- കോവിഡുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഉപദേശങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് വാട്‌സ്ആപ്പില്‍ ഫോര്‍വേഡിംഗ് ഒന്നാക്കി ചുരുക്കുന്നു. 200 കോടിയോളം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പില്‍ വരുത്തുന്ന നിയന്ത്രണം സംബന്ധിച്ച് ഫേസ് ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനിയുടെ ബ്ലോഗ് പോസ്റ്റിലാണ് വെളിപ്പെടുത്തിയത്.

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഫോര്‍വേഡിംഗ് മെസേജുകള്‍ ഗണ്യമായി വര്‍ധിച്ചതായി വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

ആഗോള വ്യാപകമായി 70,000 ലേറെ പേരുടെ ജീവനെടുത്ത കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയാണെന്നും ഇതിനെതിരെ സോഷ്യല്‍ മീഡിയകള്‍ നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.

വ്യക്തിപരമായി ബന്ധപ്പെടാനുള്ള സങ്കേതമായി വാട്‌സ്ആപ്പിനെ നിലനിര്‍ത്താന്‍ ഇത്തരം മെസേജുകളുടെ വ്യാപനം കുറക്കേണ്ടതുണ്ടെന്ന് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. നിലവില്‍ അഞ്ച് വ്യക്തികള്‍ക്ക് അല്ലെങ്കില്‍ ഗ്രൂപ്പുകളിലേക്ക് മെസേജ് ഫോര്‍വേഡ് ചെയ്യാനാണ് വാട്‌സ് ആപ്പ് അനുവദിക്കുന്നത്.

മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും ഇന്ന് പതിവുപോലെ അഞ്ച് പേര്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഏതൊക്കെ രാജ്യങ്ങളിലാണ് നിയന്ത്രണം ഉടന്‍ നടപ്പിലാക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

 

 

 

Latest News