Sorry, you need to enable JavaScript to visit this website.

കുന്ദമംഗലത്തുകാരുടെ സ്വന്തം ശശിയേട്ടൻ ഇനി കണ്ണീരോർമകളിൽ....

നാട്യങ്ങളും കളങ്കവുമില്ലാത്ത നർമങ്ങളുമായി  മലയാള സിനിമാവേദികളിലും നാടകരംഗത്തും ശ്രദ്ധേയ സാന്നിധ്യമറിയിച്ച് കലിംഗ ശശി യാത്രയായി. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടി. ഹാസ്യകഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും ഇഷ്ടതാരമായി. പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻ റുപ്പി എന്നിവയാണ് പ്രധാന സിനിമകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കുട്ടിമാമയിലാണ് ശശി അവസാനം അഭിനയിച്ചത്. ഇരുനൂറ്റി അമ്പതോളം മലയാള സിനിമകളിൽ വേഷമിട്ടു. നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിലെ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചു.

കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഈ ചലച്ചിത്രതാരത്തിൻ്റെ യഥാർത്ഥനാമം ചന്ദ്രകുമാർ എന്നാണ്. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് നാടകരംഗത്ത് പ്രവേശിച്ചത്. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ ട്രൂപ്പിന്റെ രണ്ടാമത്തെ നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. അഞ്ഞൂറിലധികം നാടകങ്ങളിൽ വേഷമിട്ടു ശശി എന്നാണ് വീട്ടിലെ വിളിപ്പേര്. ഇതിനോടൊപ്പം തൻ്റെ ജില്ലയുടെ പേര് ചേർത്ത് ശശി കോഴിക്കോട് എന്നാണ് അദ്ദേഹം നാടകത്തിൽ അറിയപ്പെട്ടിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു.

ശശി കോഴിക്കോട് എന്ന പേരിലറിയപ്പെട്ട ഈ പ്രതിഭ പിൽക്കാലത്ത് കലിംഗ ശശിയായ കഥ കൗതുകകരമാണ്. കലിംഗ തിയേറ്റേഴ്സ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ച കേരളത്തിലെ പ്രശസ്ത നാടക ഗ്രൂപ്പാണ്. നാടകാചാര്യൻ കെ.ടി. മുഹമ്മദായിരുന്നു കലിംഗയുടെ ജീവനാഡി. കലിംഗ ശശി എന്ന നാമം സിനിമാരംഗത്ത് പ്രശസ്തമായതോടെ പലരും ധരിച്ചത് അദ്ദേഹം കലിംഗ തിയേറ്റേഴ്സിലെ കലാകാരനാണ് എന്നാണ്. പക്ഷേ,, കോഴിക്കോട് കലിംഗ തീയറ്റേഴ്സിൽ ശശി ഒരിക്കൽപോലും അഭിനയിച്ചിട്ടില്ല. ഈ നാടകസമിതിയുമായി യാതൊരു ബന്ധമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല താനും.

ആദ്യ സിനിമയിൽ പറ്റിയ ഒരു തെറ്റുകാരണമാണ് ശശി കലിംഗ ശശിയായത്. നാടകരംഗത്ത് സജീവമായിരുന്ന ശശി 1998ലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘തകരച്ചെണ്ട’ എന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമി ആയാണ് ശശിയുടെ അഭ്രപാളികളിലേക്കുള്ള അരങ്ങേറ്റം. എന്നാൽ തുടർന്ന് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം നാടകവേദിയിലേക്ക്‌ തന്നെ തിരിച്ചുപോയി.

‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ സിനിമയാക്കാൻ തീരുമാനിച്ച സമയത്ത് അഭിനേതാക്കളെ തെരഞ്ഞെടുക്കാൻ സംവിധായകൻ രഞ്ജിത്ത്‌ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു. അതിൽ പങ്കെടുത്ത നടനും സംവിധായകനുമായ വിജയന്‍ വി. നായർ എന്ന പരിചയക്കാരെനെ കാണാന്‍ ശശി ഒരു ദിവസം ക്യാമ്പിലെത്തി. ശശിയെ അദ്ദേഹം രഞ്ജിത്തിന് പരിചയപ്പെടുത്തി. ശശി ക്യാമ്പിൽ പങ്കെടുക്കട്ടെ എന്ന് രഞ്ജിത്ത് നിർദേശിച്ചു. അങ്ങനെ മൂന്നു ദിവസം ശശിയും ക്യാമ്പിൽ പങ്കെടുത്തു.

പാലേരിമാണിക്യം സിനിമയുടെ സെറ്റിൽ കുറെ ശശിമാർ ഉണ്ടായിരുന്നു.. അവരെ വേര്‍തിരിച്ചറിയാനായി പേരിനൊപ്പം അവർ സഹകരിച്ച നാടകസമിതിയുടെ പേരുകൂടി എഴുതിച്ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദേശിച്ചു. ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ അദ്ദേഹത്തിൻ്റെ പേരിന്റെ കൂടെ ‘കലിംഗ’ എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താന്‍ ശശി ആവശ്യപ്പെട്ടു. എന്നാൽ, ഐശ്വര്യമുള്ള ആ പേര് മാറ്റേണ്ടെന്ന് രഞ്ജിത്ത് പ്രതികരിക്കുകയായിരുന്നു. അങ്ങനെ ശശി എന്ന നടന്റെ പേരിന് മുമ്പിൽ കലിംഗ എന്ന് കൂടി എഴുതിച്ചേർത്തതോടെ അദ്ദേഹം കലിംഗ ശശിയായി അറിയപ്പെടാൻ തുടങ്ങി.

കലിംഗ തിയറ്റേഴ്‌സിന്റെ ഒരൊറ്റ നാടകത്തിലും അഭിനയിച്ചില്ലെങ്കിലും കലിംഗ ശശി എന്നറിയപ്പെടാനായിരുന്നു ഈ കലാകാരന് കാലം നൽകിയ നിയോഗം. ഈ പേര് പിന്നീട് തിരുത്താൻ സാധിച്ചില്ല എന്നും ആ പേര് തന്നെയാണ് തന്റെ ഐശ്വര്യമെന്നും കലിംഗ ശശി ഒരു പ്രമുഖ ചാനൽ ഷോയിൽ വ്യക്തമാക്കിയിരുന്നു.

ശശിയുടെ പിതാവ് ചന്ദ്രശേഖരൻ നായരും അമ്മ സുകുമാരിയുമാണ്. ഭാര്യ പ്രഭാവതി.

കോറോണക്കാലത്തെ ഈ ഇരുണ്ട സമയത്ത് പ്രതിഭാധനനായ ഒരു കലാകാരൻ യാത്രയാവുന്നു....
ആദരാഞ്ജലികൾ.

Latest News