ന്യൂയോർക്ക്- കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലേറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഞങ്ങൾക്കുള്ള മരുന്ന് കയറ്റുമതിക്ക് അനുവദിക്കണമെന്നും അനുമതി നൽകുകയാണെങ്കിൽ അത് പ്രശംസനീയമാണെന്നും മോഡിയോട് കഴിഞ്ഞ ദിവസം ഫോണിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. അനുമതി നൽകിയില്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ, തിരിച്ചടിയുണ്ടാകുമെന്നും എന്തുകൊണ്ട് ഉണ്ടായിക്കൂടെന്നും ട്രംപ് ചോദിച്ചു.
ഇന്നലെ രാത്രി വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ന് രാവിലെ മോഡിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇന്ത്യ വലിയ അളവിൽ ഹൈഡ്രോക്ലോറോക്സിൻ നിർമ്മിക്കുന്നുണ്ട്. അമേരിക്കക്ക് മരുന്ന് വേണമെന്ന ആവശ്യം ഇന്ത്യ ഗൗരവമായി എടുത്തിട്ടുണ്ട്. ഈ മരുന്ന് താനും ഉപയോഗിച്ചേക്കാം. ഇത് സംബന്ധിച്ച് എന്റെ ഡോക്ടർമാരോട് സംസാരിക്കണമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞമാസം 25നാണ് ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിർത്തിവെച്ചത്. ഇന്ത്യയിൽ രോഗികൾ പെരുകുന്ന സഹചര്യത്തിലായിരുന്നു ഇത്.