Sorry, you need to enable JavaScript to visit this website.

ഇനി നിഴലല്ല, ബ്രിട്ടനില്‍ ഭരണം ഡൊമിനിക് റാബിലേക്ക്

ലണ്ടന്‍- കസേരയില്‍ ബോറിസ് ആണെങ്കിലും ഭരിക്കുന്നത് റാബ് ആണെന്ന് ബ്രിട്ടീഷ് രാഷ്ട്രീയ വൃത്തങ്ങളില്‍ മുമ്പേ പ്രചരിച്ച വസ്തുതയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കോവിഡ് ബാധിതനായി ഐ.സി.യുവിലേക്ക് നീങ്ങിയപ്പോള്‍ പകരം ചുമതലക്കാരനായി വിദേശ മന്ത്രി ഡൊമിനിക് റാബ് തന്നെയെത്തുമ്പോള്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. ബോറിസ് ആരോഗ്യം വീണ്ടെടുത്തുവരാന്‍ ആഴ്ചകളെടുത്തേക്കും.

ബോറിസ് ജോണ്‍സന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. ജോണ്‍സന് ആരോഗ്യവും രോഗമുക്തിയും നേര്‍ന്ന് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധ്യമല്ലാതായിരിക്കെ റാബിന്റെ കൈയിലേക്ക് കോവിഡ് കാലത്തെ ഭരണം എത്തുകയാണ്.

ഞായറാഴ്ച രാത്രി ജോണ്‍സണെ ആശുപത്രിയിലെത്തിച്ച് 24 മണിക്കൂറിനുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കടുത്ത ശ്വാസതടസ്സമുള്ളതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് നീക്കിയേക്കും.

മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ കീഴില്‍ ബ്രെക്‌സിറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച റാബ്  യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ ദീര്‍ഘകാല പ്രക്രിയക്ക് നേതൃത്വം നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മേ രാജിവച്ചതിനുശേഷം ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായപ്പോള്‍ റാബിനെ വീണ്ടും സര്‍ക്കാരിലേക്ക് കൊണ്ടുവന്നു. വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍ മാത്രമല്ല, ഒന്നാം സ്‌റ്റേറ്റ് സെക്രട്ടറി എന്ന പദവിയും അദ്ദേഹം വഹിക്കുന്നു, പ്രധാനമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാര്‍ക്കും മേല്‍ സീനിയോറിറ്റിയും പ്രധാനമന്ത്രിയുടെ തൊട്ടുതാഴെയാണ് റാബ് എന്ന സൂചിപ്പിക്കുകയും ചെയ്യുന്ന പദവിയാണത.

ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്ന് നിയമബിരുദം നേടിയ 46 കാരനായ റാബ്, പ്രധാനമന്ത്രിപദം ആഗ്രഹിച്ചിരുന്നു, മെ രാജിവച്ചതിനുശേഷം ടോറി നേതൃത്വത്തിനായി ജോണ്‍സനെതിരെ മത്സരിച്ചു.   കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ റാബ് നല്ലൊരു ബോക്‌സറുമാണ്. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നതാണ് റാബിന്റെ ആദ്യ പ്രതികരണം.

 

Latest News