Sorry, you need to enable JavaScript to visit this website.

സൗദി നഗരങ്ങളില്‍ 24 മണിക്കൂർ കർഫ്യൂ; വിശദ വിവരങ്ങള്‍

റിയാദ്- കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സൗദികളുടെയും പ്രവാസികളുടെയും ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമാണിതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

റിയാദ്, തബൂക്ക്, ദമാം, ദഹ്‌റാന്‍, ഹുഫൂഫ്, ജിദ്ദ, തായിഫ്, ഖത്തീഫ്, അല്‍കോബാര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ സമയം 24 മണിക്കൂറാക്കിയത്. ഇന്ന് മുതല്‍ അടുത്ത അറിയിപ്പ് വരെ കര്‍ഫ്യു തുടരും.

കൃത്യതയുള്ള വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ നേരത്തെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍ക്ക് ആനുകൂല്യം തുടരും. താമസിക്കുന്ന പ്രദേശത്ത് ആശുപത്രികളില്‍ പോകാനും, ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും രാവിലെ ആറു മതുല്‍ വൈകുന്നേരം മൂന്നു വരെ  പുറത്തിറങ്ങാവുന്നതാണ്. ഈ സമയത്ത് ഈ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ പാടുള്ളൂ. പരമാവധി സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാനാണിത്.

ആതുര സേവനം, ഫാമര്‍മസി, ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, പാചകവാതകം വിതരണ കേന്ദ്രങ്ങള്‍, ബാങ്ക്, മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, എയര്‍കണ്ടീഷന്‍ ജോലികള്‍, ഡ്രൈനേജ് വെള്ളം കൊണ്ടുപേകുന്ന സേവനം എന്നിവ ഒഴിവാണ്. ഏതൊക്കെ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നത് പ്രത്യേക സമിതി ചേര്‍ന്ന് അതത് സമയത്ത് തീരുമാനിക്കും.

വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മുതിര്‍ന്നവര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. പകര്‍ച്ച വ്യാധി സാധ്യതയുള്ളതിനാല്‍ കുട്ടികളെ പുറത്തുവിടരുത്. ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കം അത്യാവശ്യ സാധനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി സേവനം ഉപയോഗപ്പെടുത്തണം. പരമാവധി സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News