Sorry, you need to enable JavaScript to visit this website.

സൗജന്യ കിറ്റ്: തെറ്റായ വിവരം  പ്രചരിപ്പിക്കുന്നെന്ന് സപ്ലൈകോ സി.എം.ഡി

തിരുവനന്തപുരം- കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാർ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിലെ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് സപ്ലൈകോ സി.എം.ഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു.
സൗജന്യ ഭക്ഷ്യവസ്തുക്കളുടെ രണ്ടു തരത്തിലുള്ള കിറ്റ് വിതരണം നടത്തുന്നതിനാണ് സപ്ലൈകോയോട് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള 1000 രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റാണ് അതിലൊന്ന്. ജില്ലാ കലക്ടർമാർ നൽകുന്ന ലിസ്റ്റ് പ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കാണ് കിറ്റ് നൽകി വരുന്നത്. ഈ കിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ക്വാറന്റൈനിൽ കഴിയുന്നവർക്ക് നൽകുന്നത്. 


സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകാനുള്ള സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റിൽ നിശ്ചിത അളവിലുള്ള 17 ഇനം നിത്യോപയോഗ സാധനങ്ങൾ നൽകണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയർ (ഒരു കിലോ), കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സൺ ഫഌവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (ഒരു കിലോ) എന്നിവയാണവ. 


ഇവയുടെ വിലയെ സംബന്ധിച്ച തെറ്റായ വിലവിവരങ്ങളാണ് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സൗജന്യ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നതിനു വേണ്ടി വരുന്ന ചെലവ് വിതരണം പൂർത്തിയാക്കിയ ശേഷം മാത്രമേ കൃത്യമായി കണക്കാക്കാൻ സാധിക്കൂ. 
എ.എ.വൈ കാർഡുടമകൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് വിതരണം ഏപ്രിൽ 14 നകം പൂർത്തിയാക്കും. മറ്റ് കാർഡുടമകൾക്കുള്ള കിറ്റ് വിതരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്തുമെന്നും സി.എം.ഡി അറിയിച്ചു.

Latest News