ദുബായ് എക്‌സ്‌പോക്ക് പുതിയ തീയതി, പേരില്‍ 2020 ഉണ്ടാകും

ദുബായ് -കോവിഡ് പ്രശ്‌നത്തില്‍ നീട്ടിവെക്കാന്‍ ആലോചിക്കുന്ന ദുബായ് എക്‌സ്‌പോ 2020ന്റെ പുതുക്കിയ തീയതിയുമായി യു.എ.ഇ., ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന് കത്ത് നല്‍കി .

അടുത്തവര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ എക്‌സ്‌പോ നടത്താമെന്ന് ബി.ഐ.ഇ.ക്ക് നല്‍കിയ കത്തില്‍ യു.എ.ഇ വ്യക്തമാക്കി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനാണ് ബി.ഐ.ഇ. സെക്രട്ടറി ജനറല്‍ ദിമിത്രി എസ് കര്‍ക്കന്റസിന് കത്തയച്ചത്. എപ്പോള്‍ നടന്നാലും എക്‌സ്‌പോയുടെ ഔദ്യോഗിക നാമം ദുബായ് എക്‌സ്‌പോ 2020 എന്നാകുമെന്നും കത്തില്‍ പറയുന്നു.

ഈ മാസം 21ന് ചേരുന്ന ബി.ഐ.ഇ യോഗം എക്‌സ്‌പോ നടത്തിപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ബി.ഐ.ഇ. അംഗരാജ്യങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ തീരുമാനത്തിന് അംഗീകാരം ലഭിക്കൂ . എക്‌സ്‌പോ 2020 ന്റെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ബി.ഐ.ഇ സെക്രട്ടറി ജനറലും യോഗത്തില്‍ പങ്കെടുക്കും.

എക്‌സ്‌പോ 2020 മാറ്റിവെക്കുന്നത് ആലോചിക്കാന്‍ ദുബായ് സ്റ്റിയറിംഗ് കമ്മിറ്റി കഴിഞ്ഞ മാസം 30ന് യോഗം ചേര്‍ന്നിരുന്നു. ഭൂരിഭാഗം അംഗങ്ങളും പുതിയ സാഹചര്യത്തില്‍ എക്‌സ്‌പോ ഒരു വര്‍ഷത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Latest News