Sorry, you need to enable JavaScript to visit this website.

കാല്‍നൂറ്റാണ്ടു കാലം ജീവിച്ച സൗദി മണ്ണില്‍ ചന്ദ്രന്‍ അലിഞ്ഞു ചേര്‍ന്നു

 ജിസാന്‍- ബെയ്ശില്‍ മാര്‍ച്ച് 28ന് ഹൃദയാഘാതംമൂലം മരിച്ച മണ്ണാര്‍ക്കാട് ചെമ്മങ്ങാട്ടീര്‍ കുന്നില്‍ ചന്ദ്രന്‍ എന്ന ബാബുവിന്റെ (46) മൃതദേഹം ജിസാനിലെ അബുആരീഷ് മഖ്ബറയില്‍ സംസ്‌കരിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവും ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ സുഹൃത്തുക്കളും സ്‌പോണ്‍സറുമെല്ലാം ചേര്‍ന്ന് ഹിന്ദു ആചാരപ്രകാരമായിരുന്നു സംസ്‌കാരം.

സൗദിയില്‍നിന്ന് വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കുക എളപ്പമല്ലാത്ത സാഹചര്യത്തില്‍ ചന്ദ്രന്റെ കുടുംബം മൃതദേഹം ജിസാനില്‍ തന്നെ മറവു ചെയ്യുന്നതിന് ഹാരിസിനെ ചുമതലപ്പെടുത്തുകയായിരുന്നു. സൗദി കെഎംസിസി ദേശീയ സുരക്ഷാ സമിതി അംഗവും ജിസാനിലെ അബുസല കെഎംസിസി കമ്മിറ്റി അംഗവുമായ ചന്ദ്രന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കാനുള്ള സമ്മതപത്രം ജിസാന്‍ കെഎംസിസി ഉപാധ്യക്ഷന്‍ ഷമീര്‍ അമ്പലപ്പാറക്കാണ് കുടുംബം നല്‍കിയത്. കോണ്‍സുലേറ്റും സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട ജോലികള്‍ ഹാരിസിന്റെ മേല്‍നോട്ടത്തിലാണ് നടന്നത്

ബെയ്ശ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങിയ ശേഷം അബു ആരീഷ് ഖബര്‍സ്ഥാനില്‍ നടന്ന ചടങ്ങുകള്‍ക്ക് ബെയ്ശ് ഒഐസിസി ജനറല്‍ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേല്‍ മേല്‍നോട്ടം വഹിച്ചു. ഷമീര്‍ മണ്ണാര്‍ക്കാട്, അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍, കോട്ടയം മൊയ്തീന്‍, ഖാലിദ് പട്‌ല, ബാബു കുറ്റിപ്പുറം, ഹാരിസ് കുന്നംകുളം, ബിജു അടിമാലി, നൗഫല്‍ ആലപ്പുഴ, ദിലീപ്  ആലപ്പുഴ, ബഷീര്‍ ആക്കോട്, ഷിബു കൊല്ലം, കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, സജിത്ത് കായംകുളം, ബിജു നിലമ്പൂര്‍, നജീബ് പത്തിരിയാല്‍, സ്‌പോണ്‍സര്‍ അലി അഹ്്മദ് ഹസ്സന്‍ ഹത്താന്‍, അബു ആരീഷ് മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍ സുല്‍ത്താന്‍ മാഷി എന്നിവര്‍ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. കോവിഡ്  വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ്  എല്ലാ നടപടികളും പൂര്‍ത്തീകരിച്ചത്. കാല്‍നൂറ്റാണ്ടു കാലത്തോളം ജിസാനില്‍ വര്‍ക്്‌ഷോപ് നടത്തിയിരുന്ന ചന്ദ്രന്‍ വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു. ഗോപാലന്‍-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഊര്‍മിള. മക്കള്‍:  ജോത്സന, ജ്യോതിഷ്.

 

 

 

Latest News