പാക്കിസ്ഥാനിൽ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ ഒഴിപ്പിച്ചു

ദുബായ് - പാക്കിസ്ഥാനിൽ കുടുങ്ങിയ മുഴുവൻ യു.എ.ഇ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. എമിറേറ്റ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് യു.എ.ഇ പൗരന്മാരെ പാക്കിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചത്. പാക്കിസ്ഥാനിൽ കുടുങ്ങിയ യു.എ.ഇ പൗരന്മാർ ഇന്നലെ രാവിലെ സ്വദേശത്ത് തിരിച്ചെത്തി. 
കൊറോണ നിർമാർജനത്തിലുള്ള രണ്ടാമത് ബാച്ച് മെഡിക്കൽ സഹായങ്ങൾ ഞായറാഴ്ച യു.എ.ഇ പാക്കിസ്ഥാനിലേക്ക് അയച്ചിരുന്നു. 11 ടൺ മെഡിക്കൽ സഹായങ്ങളാണ് യു.എ.ഇ ഞായറാഴ്ച പാക്കിസ്ഥാനിലേക്ക് അയച്ചത്. ഞായറാഴ്ച ഇവ ഇസ്‌ലാമാബാദ് എയർപോർട്ടിൽ എത്തിയതായി മുതിർന്ന യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥൻ ഹമദ് ഉബൈദ് ഇബ്രാഹിം സാലിം അൽസഅബി അറിയിച്ചു. 


ബ്രിട്ടനിൽ കുടുങ്ങിയ എൺപതിലേറെ യു.എ.ഇ പൗരന്മാരെ ഒഴിപ്പിക്കുന്നതിനും യു.എ.ഇ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പഠിക്കുന്ന യു.എ.ഇ വിദ്യാർഥികളും ചികിത്സക്കായി ബ്രിട്ടനിൽ എത്തിയവരും മാർച്ച് 24 ന് യു.എ.ഇ എയർപോർട്ടുകൾ അടച്ചതോടെ സ്വദേശത്തേക്ക് മടങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. പ്രത്യേകം ചാർട്ടർ ചെയ്ത രണ്ടു വിമാനങ്ങളിലാണ് ഇവരെ ഒഴിപ്പിക്കുന്നത്. ഇതിൽ ആദ്യ വിമാനം മിനിഞ്ഞാന്ന് രാജ്യത്തെത്തി. രണ്ടാമത്തെ വിമാനം ഇന്നും എത്തും. 
ലോക രാജ്യങ്ങളിൽ കുടുങ്ങിയ 1783 യു.എ.ഇ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് ഏർപ്പെടുത്തിയ 43 വിമാനങ്ങളിൽ പെട്ടതാണ് ബ്രിട്ടനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിനുള്ള രണ്ടു ഫ്‌ളൈറ്റുകൾ. 22 ഒഴിപ്പിക്കലുകൾ ദിവസങ്ങൾക്കകം പൂർത്തിയാകും. 641 യു.എ.ഇ പൗരന്മാരെയാണ് ഈ വിമാനങ്ങളിൽ ഒഴിപ്പിച്ച് സ്വദേശത്ത് തിരിച്ചെത്തിക്കുകയെന്നും യു.എ.ഇ വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് ബൽഹൂൽ പറഞ്ഞു. ഇന്നലെ ഇറ്റലിയിലേക്കും യു.എ.ഇ പത്തു ടൺ മെഡിക്കൽ സഹായം പ്രത്യേക വിമാനത്തിൽ അയച്ചു. 

 

Latest News