കുവൈത്ത് സിറ്റി- കുവൈത്തില്‍ 79 ഇന്ത്യക്കാരടക്കം 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 665 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 304 ആയി. ഏതാനും മലയാളികളുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. രാജ്യത്ത് മൊത്തം 103 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.
വിദേശ തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളില്‍ യാത്രാ വിലിക്ക് ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കബാദില്‍നിന്നു350 ഏഷ്യന്‍ തൊഴിലാളികളെ കെ.ഒ.സി. ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി. ഇവിടെ 7600 പേരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരെ ആശുപത്രികള്‍ക്ക് സമീപത്തു തന്നെ പാര്‍പ്പിക്കുന്നതിനായി സമീപത്തുള്ള സ്‌കൂളുകള്‍ ഒരുക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രാലയമാണ് സ്‌കൂളുകള്‍ താമസയോഗ്യമാക്കുന്നത്. ഇതോടെ കുടുംബത്തോടൊപ്പം കഴിയുന്ന നഴ്‌സുമാരെയും ഇവിടെ പാര്‍പ്പിക്കും.






