റിയാദ്- കോവിഡ് ബാധിച്ച് മലയാളി മരിക്കാനിടയാവുകയും അദ്ദേഹവുമായി നിരവധി പേര്‍ ഇടപഴകുകയും ചെയ്തതോടെ രോഗലക്ഷണങ്ങളുള്ളവര്‍ ആശുപത്രികളില്‍ പോയി ടെസ്റ്റ് ചെയ്യാന്‍ മടിക്കരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. രോഗികളുമായി ഇടപഴകിയവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും എത്രയും പെട്ടെന്ന് 14 ദിവസം ക്വാറന്റൈന്‍ ചെയ്യണം. വൈറസ് ബാധ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനാണിത്.
റിയാദില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ചില ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യമുണ്ട്. ശുമൈസിയിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി, കിംഗ് സല്‍മാന്‍ ആശുപത്രി, അല്‍ഈമാന്‍ ആശുപത്രി, ദീറാബ് റോഡിലെ അല്‍ഇമാം അബ്ദുറഹ്മാന്‍ അല്‍ഫൈസല്‍ ആശുപത്രി, കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി, കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ സ്‌ക്രീനിംഗ് ടെസ്റ്റിനുള്ള സൗകര്യമുണ്ട്. കോവിഡ് സ്‌ക്രീനിംഗ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളും പോകാവുന്നതാണ്. മറ്റു പ്രവിശ്യകളിലും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണ്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
രോഗബാധ സംശയമുള്ളവരോ രോഗികളുമായി ഒരു മീറ്റര്‍ അകലത്തില്‍ അടുത്തിടപഴകിയവരോ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും മറ്റും പോയി സമയം പാഴാക്കരുത്. ആശുപത്രിയിലെത്തിയാല്‍ രോഗ ലക്ഷണങ്ങള്‍ മറച്ചുവെക്കുകയുമരുത്. ശക്തമായ പനി, ശ്വാസതടസ്സം, വരണ്ട ചുമ, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ സ്‌കോറിംഗ് നടത്തിയാണ് രോഗിയെ ആശുപത്രികളില്‍ ടെസ്റ്റിന് വിധേയമാക്കുക. നാലോ അതിന് മുകളിലോ സ്‌കോറിംഗ് ഉള്ളവരെ മാത്രമേ ടെസ്റ്റിന് വിധേയരാക്കുകയുള്ളൂവെന്നതിനാല്‍ എല്ലാ ലക്ഷണങ്ങളും ആശുപത്രിയില്‍ വിശദമാക്കണം. നാലില്‍ കുറവായാല്‍ ടെസ്റ്റ് നടത്താതെ തിരിച്ചയക്കും.
പരമാവധി വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തിറങ്ങേണ്ടിവന്നാല്‍ തന്നെ സാമൂഹിക അകലം പാലിക്കണം. രോഗലക്ഷണങ്ങളില്ലാത്തവര്‍ ശുചിത്വം പാലിക്കുകയും വേണം. രോഗിയുമായി അടുത്തിടപഴകി ലക്ഷണമില്ലാത്തവര്‍ കുറഞ്ഞത് 14 ദിവസമെങ്കിലും മാസ്‌ക് ഉപയോഗിച്ച് ക്വാറന്റൈന്‍ ചെയ്യണമെന്ന് നാഷണല്‍ ഗാര്‍ഡ് ആശുപത്രി സ്റ്റാഫ് ഫിസിഷ്യന്‍ ഡോ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാനാണിത്. വൈറസ് ബാധിച്ച 85 ശതമാനം പേര്‍ക്കും രോഗമുക്തി ഉണ്ടാവുമെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ആസ്തമ, പ്രമേഹം, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍ക്കും പ്രായമായവര്‍ക്കും രോഗം മൂര്‍ഛിക്കാന്‍ സാധ്യതയേറെയാണ്. ശീശയോ പുകവലിയോ ശീലിക്കുന്നവര്‍ക്കും രോഗം കൂടുതലാകും. അദ്ദേഹം പറഞ്ഞു.






