തിരുവനന്തപുരം- കോവിഡ് ബാധയിൽ നിന്ന് പാഠം പഠിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് മന്ത്രി തോമസ് ഐസക്. കർണാടക അതിർത്തി അടച്ചപ്പോൾ കാസർകോടിനുണ്ടായ അവസ്ഥ ഒരു പാഠമാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിസന്ധി തീർന്നാൽ ഇക്കാര്യത്തിൽ സജീവമായ ഇടപെടൽ സർക്കാർ നടത്തും. കാസർകോട്ടുള്ള ആരോഗ്യ സംവിധാനങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയാവും ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് മധുര പ്രതികാരം ചെയ്യുകയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്വകാര്യ ചാനലിൽ സമൂഹത്തിലെ വിവിധ തുറയിലുള്ളവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മന്ത്രി. കാസർകോട് അതിർത്തി അടച്ചിട്ടത് കേരളത്തിന് ക്ഷീണമുണ്ടാക്കിയ ഒരു സംഭവമാണ്. ജില്ല വികസനത്തിൽ അൽപം പിന്നോക്കമാണ്.
ആരോഗ്യമേഖലയിലും അതു പ്രകടമാണ്. ഇത് പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡിന് ശേഷം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് എല്ലാവരും പ്രവചിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ കഴിഞ്ഞ ശേഷം ജന ജീവിതം സാധാരണ നിലയിലേക്ക് വരുമ്പോൾ ആണ് സാമ്പത്തിക പാക്കേജ് അടക്കമുള്ള പദ്ധതികളും ഇടപെടലുകളും സർക്കാർ നടത്തേണ്ടത്. ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കുക, അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ട പണം അനുവദിക്കുക. ഇതാണ് ഇപ്പോൾ ചെയ്യേണ്ട കാര്യമെന്നാണ് സർക്കാർ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു.






