പത്തനംതിട്ടയിൽ വിദ്യാർഥിനിക്ക്  കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട- ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ന്യൂദൽഹിയിൽ നിന്ന് എത്തിയ വിദ്യാർഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ ആണ്. മാർച്ച് 15ന് ന്യൂദൽഹി നിസാമുദ്ദീനിൽ നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ കോച്ച് നമ്പർ 9, സീറ്റ് നമ്പർ 55/56 ൽ യാത്ര തിരിച്ച വിദ്യാർഥിനി 17 ന് എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ശബരി എക്‌സ്പ്രസ് ജനറൽ കംപാർട്ട്‌മെന്റിൽ കയറി 4.45ന് ചെങ്ങന്നൂരിൽ എത്തി. ചെങ്ങന്നൂർ പന്തളം കെ.എസ്.ആർ.ടി.സി ബസിൽ ജില്ലയിലെത്തി. 17 ന് തന്നെ വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു.


ദൽഹി കോവിഡ് 19 ഹോട്ട് സ്‌പോട്ട് ആയതിനെ തുടർന്നാണ് വീട്ടിലെ നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷവും രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതിരുന്നിട്ടും വിദ്യാർഥിനിയുടെ സ്രവം പരിശോധനക്കായി അയച്ചത്. ഇതുവരെ ആറു പ്രൈമറി കോണ്ടാക്ടുകളേയും മൂന്ന് സെക്കന്ററി കോണ്ടാക്റ്റുകളേയും കണ്ടെത്തിയിട്ടുണ്ട്. ദൽഹിയിൽ നിന്നെത്തുന്ന ആളുകൾക്ക് പ്രത്യേ കശ്രദ്ധ നൽകിയതിനാലാണ് സ്രവം എടുക്കാനായത്. മാർച്ച് 13 മുതൽ 20 വരെ ദൽഹിയിൽ നിന്നെത്തിയ 1191 പത്തനംതിട്ട സ്വദേശികളെ കണ്ടെത്തിയിട്ടുണ്ട്.
ലോക്ഡൗൺ ലംഘനത്തിന് ശനിയാഴ്ച വൈകിട്ടു മുതൽ ഞായറാഴ്ച വൈകിട്ടു നാലു വരെ പത്തനംതിട്ട ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 436 കേസുകളാണ്. 440 പേരെ അറസ്റ്റ് ചെയ്യുകയും 346 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വളരെ അത്യാവശ്യം അല്ലാത്ത കാര്യങ്ങൾക്കും ആളുകൾ പുറത്തിറങ്ങി യാത്ര ചെയ്യുന്നത് തുടരുന്നതുകൊണ്ടും മറ്റുമാണ് കേസുകൾക്ക് കുറവുണ്ടാകാത്തതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.


പണം വെച്ച് ചീട്ട് കളിച്ചതിന് രജിസ്റ്റർ ചെയ്ത ഒരു കേസും നിർദേശങ്ങൾ ലംഘിച്ച് റോഡിലിറങ്ങി നടന്നവർക്കെതിരെ എടുത്ത 52 കേസുകളും ഇതിൽ ഉൾപ്പെടും. പണം വെച്ച് ചീട്ട് കളിച്ചതിന് കോന്നി പുളിഞ്ചാണിയിൽ നിന്നും മൂന്നു പേരെ പിടികൂടി. കോന്നി മാരൂർ പാലം ഗോപി സദനത്തിൽ കൃഷ്ണകുമാർ(38), അരുവാപ്പുലം വത്സല ഭവനത്തിൽ സന്തോഷ് കുമാർ, (40), അരുവാപ്പുലം പാറയ്ക്കൽ പുത്തൻവീട്ടിൽ പ്രസന്നൻ(56) എന്നിവരെയാണ് കോന്നി എസ്.ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പകർച്ചവ്യാധി തടയൽ വകുപ്പുകൾ കൂടി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് സംഘത്തിൽ സി.പി.ഒമാരായ ജിപ്‌സൺ, ഷാജഹാൻ എന്നിവരുമുണ്ടായിരുന്നു.
 ലോക്ഡൗൺ നിരോധനാജ്ഞാ ലംഘനങ്ങൾ ഗൗരവമായി കണ്ട് ശക്തമായ നിയമ നടപടികൾ കൈക്കൊള്ളും. ലോക്ഡൗണിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തന സമയം നാലു വരെ ആയിരുന്നത് രണ്ടു വരെ ആക്കി ചുരുക്കിയ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ പോലീസ് സേവനം ഉറപ്പുവരുത്തും.

Latest News