കുവൈത്ത് സിറ്റി- കുവൈത്തില്‍ 60 ഇന്ത്യക്കാരടക്കം 77 പേര്‍ക്ക് കൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 556 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ ഇതുവരെ 225 ഇന്ത്യക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ സംശയിക്കുന്ന നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ കൂട്ടത്തോടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയുമാണ്.
രാജ്യത്ത് മൊത്തം 99 പേര്‍ രോഗമുക്തരായതായും 456 പേര്‍ ചികിത്സയിലും 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് അറിയിച്ചു. കുവൈത്തില്‍ രോഗ ബാധ കണ്ടെത്തിയ ഇന്ത്യക്കാര്‍ 225 ആയതോടെ വിദേശ ജനസംഖ്യയില്‍ മഹാഭൂരിപക്ഷമുള്ള ഇന്ത്യന്‍ സമൂഹം ആശങ്കയിലാണ്.






