ബിബിൻ വധം; രണ്ട് പേർ അറസ്റ്റിൽ

തിരൂർ- ആർ.എസ്.എസ് പ്രവർത്തകൻ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബാബുവിന്റെ മകൻ ബിപിൻ (24) വെട്ടേറ്റു മരിച്ച കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.  കേസിൽ ഗൂഢാലോചന നടത്തിയ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പോലീസ് വ്യക്തമാക്കി. പറവണ്ണ സ്വദേശി സുഹൈൽ, പെരുന്തല്ലൂർ സ്വദേശി മുഹമ്മദ് അൻവർ എന്നിവരാണ് പിടിയിലായത്. കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ആറു പേർ നേരത്തെ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. 
മതംമാറിയതിന്റെ പേരിൽ കൊടിഞ്ഞിയിലെ ഫൈസലിനെ വെട്ടിക്കൊന്നതിനുള്ള പ്രതികാരമായാണ് ബിബിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു ബിബിൻ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ബിബിനെ ഒരു സംഘം വെട്ടിക്കൊന്നത്. ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ബിബിനെ ബൈക്കിലെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വഴിയാത്രക്കാരും പ്രദേശവാസികളും സ്ഥലത്തെത്തും മുമ്പ് പ്രതികൾ രക്ഷഷപ്പെട്ടു. ബിബിനെ ഉടൻ  തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശരീരമാസകലം വെട്ടേറ്റുമുറിഞ്ഞ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. രാവിലെ മദ്രസയിലേക്കു പോവുകയായിരുന്ന കുട്ടികളും സ്ഥലത്തുണ്ടായിരുന്ന ഏതാനും നാട്ടുകാരുമാണ് സംഭവം ആദ്യമറിയുന്നത്.
കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വധിച്ച കേസിലെ രണ്ടാം പ്രതിയും കൃത്യത്തിൽ നേരിട്ടു പങ്കുള്ള ആളുമായിരുന്നു കൊല്ലപ്പെട്ട ബിബിൻ. ആറു മാസം മുമ്പാണ് കൊടിഞ്ഞിയിൽ മതം മാറിയ ഫൈസൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഫാറൂഖ് നഗർ പുല്ലാണി അനന്തകൃഷ്ണൻ നായരുടെ മകൻ അനിൽകുമാർ എന്ന ഫൈസലി (30)നെയാണ് ഫാറൂഖ് നഗർ അങ്ങാടിയിലെ മങ്കടക്കുറ്റി റോഡിൽ കൊലപ്പെടുത്തിയത്. ഗൾഫിലെ ജോലി സ്ഥലത്തേക്കു തിരിച്ചു പോകാനിരിക്കേ സംഭവദിവസം തിരുവനന്തപുരത്തുനിന്നു എത്തിയ ഭാര്യാ പിതാവിനെയും കുടുംബാംഗങ്ങളെയും സ്വീകരിക്കാനായി പുലർച്ചെ താനൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോറിക്ഷയുമായി പോകുമ്പോഴാണ് അക്രമികൾ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്.


 

Latest News