കാസര്‍കോട്- ഐസോലേഷന്‍ വാര്‍ഡിലെ ഏകാന്തത അകറ്റാന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ 'പാത്തുമ്മയുടെ ആടിനെ' ഒപ്പം കൂട്ടിയാണ്കോവിഡിനോട് പൊരുതാന്‍ ഗഫൂര്‍ പള്ളിക്കല്‍ തുടങ്ങിയത്.നിശ്ചയദാര്‍ഢ്യത്തോടെ രോഗം ഉയര്‍ത്തിയ വെല്ലുവിളിയെനേരിട്ടപ്പോള്‍ കോവിഡ് സലാം പറഞ്ഞു പോയി. ബഷീര്‍ പുസ്തകത്തിന്റെവായന ഈ ദിനങ്ങളിലെ പിരിമുറുക്കത്തെ അതിജീവിക്കാന്‍ സഹായിച്ചതായി ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു.
ഓരോരുത്തരും സാമൂഹിക അകലം പാലിച്ചു കൊണ്ട്, സര്‍ക്കാറും ആരോഗ്യ വകുപ്പും കൊവിഡ്-19 നെതിരെ നടത്തുന്ന പോരാട്ടത്തില്‍ പങ്കാളിയാവണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും കോവിഡ്-19 രോഗത്തില്‍നിന്ന് മുക്തി നേടാമെന്നാണ്54 കാരനായ കാസര്‍കോട് തളങ്കര സ്വദേശിയായ ഗഫൂര്‍ പള്ളിക്കലിന്റെ ജീവിതം പറയുന്നത്.
മാര്‍ച്ച് പത്തിനാണ് ഇദ്ദേഹം ദുബായില്‍നിന്നു നാട്ടിലെത്തിയത്. തുടര്‍ന്ന് ചെറിയ തോതില്‍ ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനാല്‍,മംഗലാപുരത്തുനിന്ന് കൊവിഡ്-19 സ്രവ പരിശോധന നടത്തി. താന്‍ വിദേശത്തു നിന്ന് വന്നയാളാണ്, താന്‍ മൂലം മറ്റൊരാള്‍ക്ക് രോഗം പകരരുത് എന്ന തിരിച്ചറിവോടെ, ഇദ്ദേഹം ആശുപത്രി ലാബില്‍ സ്വയംപോയി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്ന്, മാര്‍ച്ച് 21 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഈ ദിനങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ നല്‍കിയ മാനസിക പിന്തുണ വലുതാണെന്ന് ഗഫൂര്‍ പറയുന്നു. ഈ രോഗത്തെ പറ്റി പല തെറ്റായ ധാരണകളുമാണ് സമൂഹത്തില്‍ ഉള്ളത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ തന്നെ രോഗത്തെ പടിക്ക് പുറത്ത് നിര്‍ത്താം. ഐസോലേഷന്‍ വാര്‍ഡിലെ ഏകാന്തത അകറ്റാന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിനെ ഒപ്പം കൂട്ടി. ഭയമല്ല വേണ്ടത്,ജാഗ്രതയാണ്, ഈ അതിജീവന പോരാളിയുടെ ജീവിതം നമ്മോട് പറയുന്നു. കോവിഡ്-19 പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസംരാത്രി ഗഫൂര്‍ പള്ളിക്കല്‍ ആശുപത്രി വിട്ടു വീട്ടില്‍ എത്തി. വീട്ടുകാര്‍ സന്തോഷത്തോടെ സ്വീകരിച്ചു. ഗഫൂര്‍ കുറച്ചു ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയും.






