Sorry, you need to enable JavaScript to visit this website.

സാന്ത്വനമായി സ്‌പോർട്‌സ്

ഒരു നൂറ്റാണ്ട് മുമ്പ് ഒന്നാം ലോക യുദ്ധത്തിനു ശേഷം തകർന്നടിഞ്ഞ ലോകത്തിന് സ്‌പോർടസിന്റെ സാന്ത്വനമായിരുന്നു ഇന്റർ അലൈഡ് ഗെയിംസ്...

ഒരിക്കലും ദർശിച്ചിട്ടില്ലാത്ത വിധത്തിലുള്ള ഒരു യുദ്ധം യൂറോപ്പിനെ തകർത്തു തരിപ്പണമാക്കിയിട്ടേയുണ്ടായിരുന്നുള്ളൂ, ലക്ഷക്കണക്കിനു പേരാണ് കൊല്ലപ്പെട്ടത്. സ്പാനിഷ് ഫഌ മഹാമാരി മറ്റൊരു ദുരിതം വിതച്ചു. അഞ്ചു കോടിയോളം പേരാണ് ലോകമെമ്പാടും മരിച്ചത്. അമേരിക്കയിൽ മാത്രം ആറേ മുക്കാൽ ലക്ഷം പേർ കൊല്ലപ്പെട്ടു. 
യൂറോപ്പിൽ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് സൈനികർ വിരസമായി സമയം കൊല്ലുന്നുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞതിനാൽ അവർക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നാട്ടിലേക്കുള്ള മടക്കയാത്രക്കുള്ള നിർദേശം പ്രതീക്ഷിച്ചിരിക്കുകയാണ് അവർ. ആ സമയത്താണ് അത്യസാധാരണമായ ഒരു ഇന്റർനാഷനൽ മത്സരം ആവിഷ്‌കരിക്കപ്പെട്ടത്. ഇന്റർ അലൈഡ് ഗെയിംസ്. യുദ്ധത്തിൽ നിലംപരിശായ രാജ്യങ്ങൾ പരമ്പരാഗതവും അല്ലാത്തതുമായ കായിക ഇനങ്ങളിൽ പോരാടി. യുദ്ധത്തിന്റെ ദുരിതം പേറുന്ന ലോകത്തിന് സ്‌പോർട്‌സ് സാന്ത്വനമായി. 
ഇറ്റലിക്കാർ ആദ്യമായി ബാസ്‌കറ്റ്‌ബോൾ കളിച്ചു, ബെയ്‌സ്‌ബോൾ പോലെ ഗ്രനേഡുകളെറിഞ്ഞ് അമേരിക്കക്കാർ മെഡൽ നേടി. ഗോൾഫും കമ്പവലിയുമൊക്കെയുണ്ടായിരുന്നു. ബെർലിൻ ഒളിംപിക്‌സിൽ ജെസി ഓവൻസ് നാസി ഏകാധിപതി അഡോൾഫ് ഹിറ്റലറുടെ ആശയത്തെ കളിക്കളത്തിൽ തോൽപിക്കുന്നതിന് 17 വർഷം മുമ്പായിരുന്നു അത്, ഇവിടെയും കറുത്ത വർഗക്കാരനായ അമേരിക്കക്കാരൻ തന്നെയാണ് സ്റ്റാറായത്. 
പാരിസിന്റെ പ്രാന്തപ്രദേശങ്ങളിൽ നടന്ന ഗെയിംസിൽ 14 രാജ്യങ്ങൾ പങ്കെടുത്തു. ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമായ കിംഗ്ഡം ഓഫ് ഹിജാസിൽ നിന്ന് പോലും ടീമുണ്ടായിരുന്നു. ഓപണിംഗ് പരേഡിൽ പങ്കെടുത്ത നാല് ഒട്ടകങ്ങളുമായാണ് അവർ വന്നത്. വനിതകൾക്ക് മത്സരമുണ്ടായിരുന്നില്ല. എങ്കിലും ഫ്രഞ്ച് ടെന്നിസ് രോമാഞ്ചം സൂസെയ്ൻ ലെംഗ്്‌ലൻ പ്രദർശന മത്സരത്തിൽ കോർടുകൾ കീഴടക്കി. നേരിട്ട എല്ലാ പുരുഷന്മാരെയും അവർ തോൽപിച്ചു വിട്ടു. പിറ്റേ മാസം വിംബിൾഡണിൽ അവർ കിരീടം നേടുകയും ചെയ്തു. 
90 ദിവസം കൊണ്ട് പണിത സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ. അമേരിക്കൻ സേനയാണ് പ്രധാനമായും നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. യൂറോപ്പിലെ അമേരിക്കൻ സേനയുടെ കമാന്റർ ജനറൽ ജോൺ പെർഷിംഗിന്റെ പേരിലായിരുന്നു സ്റ്റേഡിയം. 25,000 പേർക്ക് മത്സരങ്ങൾ വീക്ഷിക്കാമായിരുന്നു. ഡ്രസ്സിംഗ് റൂമുകളും കുളിമുറികളുമൊക്കെയുണ്ടായിരുന്നു. ജനറൽ പെർഷിംഗിന് സുഹൃത്തുക്കളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കാൻ സ്‌പെഷ്യൽ ബംഗ്ലാവും പണിതിരുന്നു. ബംഗ്ലാവിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രത്യേക വാതിലുകളുണ്ടായിരുന്നു. 
മുറിവേറ്റ ലോകത്തിന് ആശ്വാസമായിരുന്നു ഈ ഗെയിംസെന്ന് അമേരിക്കയിലെ കൻസാസ് സിറ്റി മിസൂറി നാഷനൽ വേൾഡ് വാർ വൺ മ്യൂസിയം ആന്റ് മെമ്മോറിയയിലെ സീനിയർ ക്യുറേറ്റർ ദോരാൻ കാർട് പറയുന്നു. സഖ്യസേനകൾ തമ്മിലുള്ള സൗഹാർദം നിലനിർത്തുകയും സൈനികരുടെ വിരസത ഒഴിവാക്കുകയുമായിരുന്നു ലക്ഷ്യം. എല്ലാവർക്കും പങ്കെടുക്കാവുന്ന ദൗത്യമായാണ് സ്‌പോർട്‌സിനെ ലോകം കണ്ടത് -അദ്ദേഹം പറഞ്ഞു. 
അലൈഡ് ഗെയിംസിന്റെ നിശ്ശബ്ദ സിനിമകൾ ലഭ്യമാണ്. ഉദ്ഘാടന ദിനം അത്‌ലറ്റുകൾ ട്രാക്ക് വലംവെക്കുന്നതിന്റെയും ഹർഡിലുകൾ ചാടിക്കടക്കുന്നതിന്റെയും റിലേ ഓടുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളുണ്ട് അതിൽ. സ്‌റ്റേഡിയത്തിന്റെ മധ്യത്തിലായിരുന്നു ബോക്‌സിംഗ് റിംഗ്. നീന്തൽ മത്സരം സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു. 
അക്കാലത്തെ പതിവനുസരിച്ച് മത്സരിച്ചവരെല്ലാം അമച്വറുകളായിരുന്നു. ചെറിയ മെഡലുകൾ മാത്രമായിരുന്നു വിജയിച്ചതിനുള്ള സമ്മാനം. നിരവധി രാജ്യങ്ങൾ സമ്മാനങ്ങൾ സംഭാവന ചെയ്തു. റൈഫിൾ ഷൂട്ടിംഗിലെ വിജയികൾക്ക് ജനറൽ പെർഷിംഗ് അമേരിക്കൻ സൈനികന്റെ ശിൽപം സമ്മാനിച്ചു. 
അന്താരാഷ്ട്ര ഗെയിംസായിരുന്നുവെങ്കിലും അമേരിക്കൻ ചുവയുണ്ടായിരുന്നു എല്ലാത്തിനും. യൂറോപ്പിലെ അമേരിക്കൻ ആർമിയുടെ അത്‌ലറ്റിക്‌സ് വിഭാഗത്തിന്റെയും യംഗ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷന്റെയും (വൈ.എം.സി.എ) തലവനായിരുന്ന എൽവുഡ് എസ് ബ്രൗണിന്റെ ചിന്തയിൽ നിന്നാണ് ഇന്റർ അലൈഡ് ഗെയിംസ് രൂപം കൊണ്ടത്. യുദ്ധദൗത്യം പൂർത്തിയാക്കിയ അത്‌ലറ്റുകളെ സജീവമാക്കി നിർത്തുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. യുദ്ധത്തിലെന്ന പോലെ കളിയിലും അമേരിക്ക മോശമല്ലെന്ന് തെളിയിക്കുകയായിരുന്നു മറ്റൊരു ഉദ്ദേശ്യം. സഖ്യസേനയിലെ സുഹൃത്തുക്കൾക്ക് അമേരിക്കയുടെ സ്‌പോർട്‌സ് സ്പിരിറ്റും കായിക മികവും പൗരുഷത്തിന്റെ കരുത്തും തെളിയിക്കാനുള്ള വഴിയാണ് ഇതെന്ന് ഗെയിംസ് നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അദ്ദേഹം 1918 ൽ എഴുതിയ കത്തിൽ പറയുന്നു. 
അമേരിക്കക്കാർ തന്നെ മെഡലുകളേറെയും നേടിയത്. എട്ടു മാസം മുമ്പ് അവസാനിച്ച യുദ്ധത്തിനു ശേഷം ബാക്കിവന്ന റേഷൻ ഉപയോഗിച്ച് മറ്റ് കായികതാരങ്ങളെ ഊട്ടിയതും അവർ തന്നെ. അമേരിക്കൻ മേൽക്കോയ്മ ഉറപ്പിക്കാനായി, യുദ്ധത്തിൽ പങ്കെടുത്ത 40 അത്‌ലറ്റുകളെ ഫ്രാൻസിൽ കപ്പലിലെത്തിച്ചു. ആയിരത്തോളം അമേരിക്കൻ അത്‌ലറ്റുകളും ഏഴായിരത്തോളം മറ്റു രാജ്യങ്ങളിലെ സൈനികരും മത്സരിച്ചു. വൻ ജനക്കൂട്ടം മത്സരങ്ങൾ കാണാനെത്തി. യുദ്ധത്തിന്റെ നീണ്ട വർഷങ്ങൾക്കും ശേഷം ഈ അത്‌ലറ്റുകൾ പകൽ മത്സരിക്കുകയും രാത്രി ആഘോഷിക്കുകയും ചെയ്തു. 
കളിക്കളത്തിനു പുറത്തെ ശ്രദ്ധാകേന്ദ്രം വൈ.എം.സി.എ ഇന്റർ അലൈഡ് ഹട്ടായിരുന്നു. എല്ലാ രാത്രിയും അവിടെ സിനിമാ ഷോകൾ അരങ്ങേറി. നാല് ഡാൻസുകളുമുണ്ടായിരുന്നു. 21 വൈ.എം.സി.എ സെക്രട്ടറിമാരും 95 അമേരിക്കൻ വനിതകളുമാണ് ഹട്ടിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ഡാൻസിംഗ് പാർട്ണറാവുക, ഗെയിം പ്ലയേഴ്‌സാവുക തുടങ്ങിയവയായിരുന്നു അവരുടെ പ്രധാന ജോലികൾ. സൈനികർക്ക് വൈ.എം.സി.എ 39000 ലിറ്റർ ഐസ്‌ക്രീമും രണ്ടു ലക്ഷം ഗാലൺ നാരങ്ങ വെള്ളവും സൗജന്യമായി വിതരണം ചെയ്തു. യുദ്ധത്തിന്റെ നീണ്ട വർഷങ്ങളിൽ അതൊക്കെ വലിയ ആഡംബരമായിരുന്നു. കിട്ടിയതൊക്കെ അവർ വാരി വലിച്ചുതിന്നു. അസുഖം പിടിപിടുമെന്നു പോലും ആശങ്കയുണ്ടായി. 
ഗ്രനേഡ് ത്രോ മത്സരത്തിൽ മെഡലുകൾ വാരിയത് അമേരിക്കയായിരുന്നു. ബെയ്‌സ്‌ബോൾ കളിച്ച പരിചയം അവർക്ക് അനുഗ്രഹമായി. ട്രാക്ക് ആന്റ് ഫീൽഡിലും അവർ ആധിപത്യം പുലർത്തി. മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആതിഥേയരായ ഫ്രാൻസായിരുന്നു. യുദ്ധത്തിൽ തങ്ങളുടെ സൈനികരിൽ വലിയൊരു വിഭാഗം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരുന്നില്ലെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനായേനേയെന്ന് ഒരു കേണൽ ഓർമക്കുറിപ്പെഴുതി. 
അമേരിക്കയുടെ നോർമൻ റോസായിരുന്നു ഹീറോ. നീന്തലിൽ റോസ് അഞ്ച് സ്വർണം നേടി. അടുത്ത വർഷം ബെൽജിയത്തിലെ ആന്റ്‌വേർപ്പിൽ നടന്ന ഒളിംപിക്‌സിൽ മൂന്നിനങ്ങളിൽ ചാമ്പ്യനായി. 
അമേരിക്കൻ നീഗ്രോ ആയ യൂനിവേഴ്‌സിറ്റി വിദ്യാർഥി സോളമൻ ബട്‌ലർ ലോംഗ്ജമ്പിൽ വിജയം പിടിച്ചു. മോണ്ടിനെഗ്രൊ രാജാവ് ബട്‌ലറെ പദവി നൽകി ആദരിച്ചു. ഒളിംപിക്‌സിലും ബട്‌ലർ സ്വർണം നേടേണ്ടതായിരുന്നു. എന്നാൽ ഫൈനൽ റൗണ്ടിന് മുമ്പ് പരിക്കേറ്റു പിന്മാറി. 
ഇന്റർ അലൈഡ് ഗെയിംസ് ഒറ്റത്തവണ നടന്ന കായിക മാമാങ്കമായിരുന്നു. 1945 ൽ രണ്ടാം ലോക യുദ്ധത്തിനു ശേഷം സമാനമായ ഒരു ഗെയിംസ് സംഘടിപ്പിക്കാൻ ശ്രമമുണ്ടായി. പക്ഷെ വിജയിച്ചില്ല. ആ ഗെയിംസ് ഇന്ന് അധികമാരും ഓർക്കുന്നില്ല. പെർഷിംഗ് സ്റ്റേഡിയം നിലനിന്ന പ്രദേശം ഇന്ന് ബെയ്‌സ്‌ബോൾ കളിക്കായാണ് ഉപയോഗിക്കുന്നത്. 
യുദ്ധത്തിൽ എല്ലാവരും തകർന്നിരുന്നു. സൈനികർക്ക് എത്രയും പെട്ടെന്ന് നാടണയണമെന്ന വിചാരമായിരുന്നു. ഗെയിംസിന്റെ ഓർമകൾ ഏതാനും ദിവസമേ നീണ്ടുനിന്നുള്ളൂ. അത് ചരിത്രത്തിന്റെ അടിക്കുറിപ്പ് മാത്രമായി.
 

Latest News