കോഴിക്കോട് - പട്ടിണി കിടക്കുന്നവർക്ക് ഭക്ഷണപ്പൊതി നൽകുന്നവരെയും രോഗികൾക്ക് മരുന്ന് എത്തിക്കുന്ന വൈറ്റ് ഗാർഡിനെയുമെല്ലാം കേസ്സെടുത്തും അടിച്ചൊതുക്കിയും കൈകാര്യം ചെയ്യുന്ന സർക്കാർ നടപടി മാനുശിക മൂല്യങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു.
വൈറ്റ്ഗാർഡും പ്രവാസികളും നാടിന്റെ കാവൽക്കാരും അഭിമാനങ്ങളുമാണ്. തീരദേശത്ത് ഭക്ഷണം എത്തിക്കാൻ നേതൃത്വം നൽകിയ എം.എസ്.എഫ് നേതാവ് ആസിഫ് കലാമിനെ കള്ളക്കേസുണ്ടാക്കി അറസ്റ്റു ചെയ്ത നടപടിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും. ഒരു കോളേജ് അധ്യാപകനെ പൊതു മധ്യത്തിൽ കള്ളനായി ചിത്രീകരിച്ച എസ്.പി. ശ്രീനിവാസറാവു ഉത്തരം പറഞ്ഞേ മതിയാവു.
കേരളത്തിന്റെ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഒരു മുനിസിപ്പൽ വാർഡിൽ നടന്ന സേവന പ്രവർത്തനത്തിന് പങ്കാളിയായ ഒരു ചെറുപ്പക്കരനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ നിർദേശം നൽകിയത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ പരിപൂർണ പിന്തുണയോടെ മുനിസിപ്പൽ കൗൺസിലർമാർ ചെയർമാനും കൺവീനറുമായുള്ള സന്നദ്ധ സമിതിയുടെ സാമ്പത്തിക ചുമതലയുള്ള അംഗത്തെയാണ് അറസ്റ്റ് ചെയ്തത്. ഈ രീതിയിൽ പോയാൽ ഏതു സന്നദ്ധ പ്രവർത്തകരാണ് ഇനി രംഗത്തേക്ക് വരിക. 1957 ലെ സെൽ ഭരണത്തെ ഓർമിപ്പിക്കുന്ന രീതിയിൽ സി.പി.എമ്മും മുഖ്യമന്ത്രിയും പെരുമാറിയാൽ പൊതു സമൂഹം മാറി ചിന്തിക്കുമെന്നും ഈ കൊറോണ കാലത്ത് അത് തികഞ്ഞ അരക്ഷിതത്വത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കുമെന്നും മുനീർ മുന്നറിയിപ്പ് നൽകി.
ഇതിന്റെ തനിയാവർത്തനമാണ് പ്രവാസിയും ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.പി. മുഹമ്മദിനെതിരെ പോലീസ് കേസെടുത്ത നടപടി. ക്വാറന്റൈൻ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം നടത്തിയ ഭക്ഷണക്കിറ്റ് വിതരണത്തെയാണ് പോലീസ് ക്രിമിനൽ കുറ്റമായി ചിത്രീകരിച്ചത്. കൂടാതെ ഗൃഹനിരീക്ഷണ കാലയളവിൽ കിറ്റ് വിതരണം ചെയ്തുവെന്ന് പറഞ്ഞ് ഭീതി പരത്താൻ പോലീസും സി.പി.എമ്മും ശ്രമിക്കുകയാണ്. നിയമവിധേയമായി സന്നദ്ധ സേവനം ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ല.
പ്രവാസികളുടെ മുന്നിലക്ക് വെളുക്കെ ചിരിച്ച് സഹായത്തിനും നിക്ഷേപത്തിനും കടന്നു പോകുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും അവരോട് കാണിക്കുന്ന ക്രൂരത അവരുടെ വിയർപ്പിന്റെ വില അനുഭവിക്കുന്ന മലയാളികൾ മറക്കില്ല. പാനൂരിൽ അവശ്യമരുന്നുമായി പോകുമ്പോൾ വൈറ്റ് ഗാർഡിനെ തടഞ്ഞു നിർത്തി മർദിക്കുകയും കേസെടുക്കുകയും ചെയ്തത് അപമാനകരമാണ്. രണ്ടു പ്രളയകാലത്തും ജീവൻ പോലും പണയപ്പെടുത്തി സേവനം ചെയ്തവരാണ് വൈറ്റ് ഗാർഡ്. പ്രളയക്കാലത്ത് മത്സ്യ തൊഴിലാളികളായ സന്നദ്ധ സേവകരാണ് കേരളത്തിന്റെ കൈപിടിച്ചത്. അന്നെല്ലാം നോക്കുകുത്തിയായി നിന്ന സർക്കാർ സന്നദ്ധ പ്രവർത്തകരെ രാഷ്ട്രീയം നോക്കി വേട്ടയാടുന്നത് അപകടകരമാണെന്നും മുനീർ പറഞ്ഞു.






