വികാരാധീനനായി ഉസ്മാൻ; അസത്യവാർത്തകളിൽ വേദനയോടെ ഗിരീഷ് 

കൊവിഡ് രോഗമുക്തി നേടിയ എ.പി. ഉസ്മാനും ഗിരീഷും തൊടുപുഴ ജില്ലാ ആശുപത്രി വിടുന്നു.

തൊടുപുഴ- ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി. ഉസ്മാൻ ആശുപത്രി വിട്ടു. വീട്ടിലെത്തിയ ശേഷം 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
 ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഉസ്മാൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽനിന്ന് പുറത്തിറങ്ങിയത്. രോഗവിമുക്തി നേടിയ ഗൾഫ് പ്രവാസി കുമാരമംഗലം സ്വദേശി ഗിരീഷും ആശുപത്രി വിട്ടു. ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ മറയൂർ, വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജ് കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി. ഉസ്മാൻ വികാരാധീനനായാണ് ആശുപത്രി വിട്ടത്. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ട്. തന്നെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ വേദനയുണ്ടെങ്കിലും പരിഭവമില്ല. 


താനുമായി ബന്ധപ്പെട്ടവർക്ക് രോഗം വന്നതിൽ വലിയ വേദനയും പ്രയാസവുമുണ്ട്. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായെങ്കിൽ മാപ്പ് അപേക്ഷിക്കുന്നു. ആക്ഷേപിച്ചവരോടും കുറ്റപ്പെടുത്തിയവരോടും പരിഭവമില്ല. മറ്റ് രാഷ്ട്രീയപാർട്ടികളിലെ നേതാക്കളടക്കം നിരവധിപ്പേർ പകർന്നുതന്ന ആത്മധൈര്യം ഈ ജീവിതാവസ്ഥയിൽ മുന്നോട്ടുപോകാൻ ഏറെ സഹായിച്ചു. എന്തൊക്കെ ത്യാഗങ്ങൾ അനുഭവിക്കേണ്ടി വന്നാലും പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും യാത്രകൾ നടത്തും. അസുഖം പരത്തിയെന്ന ആരോപണം കാര്യമായി കാണുന്നില്ല. ആരോടും പ്രതികാര ഭാവത്തോടെ പെരുമാറാനും ഉദ്ദേശമില്ല. ഇതെല്ലാം അനുഭവങ്ങളായി കാണാനാണ് ഇഷ്ടമെന്നും ഉസ്മാൻ പറഞ്ഞു. തന്നെ പരിചരിച്ച ഡോക്ടർ, നഴ്സുമാർ, ആശാപ്രവർത്തകർ തുടങ്ങി എല്ലാവർക്കും നിറകണ്ണുകളോടെ കൈകൾ കൂപ്പി നന്ദിപറഞ്ഞാണ് ഉസ്മാൻ ആശുപത്രി വിട്ടത്. 
ആശുപത്രി അധികൃതരോടെല്ലാം നന്ദി പറഞ്ഞാണ് ഗൾഫിൽ ജോലിക്കാരനായ കുമാരമംഗലം സ്വദേശി ഗിരീഷും മടങ്ങിയത്. വാട്‌സ്ആപ്പ് വഴി തന്റെ ഫോട്ടോ പ്രചരിപ്പിച്ചതിലും കുമാരമംഗലം പി.എച്ച് .സിയെക്കുറിച്ച് തെറ്റായ വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയതിലും വിഷമമുണ്ടെന്ന് ഗിരീഷ് പറഞ്ഞു.

Latest News