സൗദിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

റിയാദ്- ടാങ്കര്‍ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു. ലോറി ഡ്രൈവര്‍ കൊല്ലം കടക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്. നദീമില്‍ നിന്ന് മലിന ജലം ജനാദിരിയയിലെ പ്ലാന്റില്‍ നിക്ഷേപിച്ച് തിരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം.


ഡിവൈഡറില്‍ ഇടിച്ചുകയറി നിയന്ത്രണം വിട്ട ലോറിയില്‍നിന്ന് ഇളകി വീണ ടാങ്കറിനടിയില്‍ പെട്ടായിരുന്നു അന്ത്യം.  സംഭവസ്ഥലത്ത് തന്നെ മരിച്ച നിസാറിന്റെ മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദീര്‍ഘകാലം സൗദിയിലുണ്ടായിരുന്ന നിസാര്‍ പുതിയ വിസയില്‍ റിയാദില്‍ എത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. സലാഹുദ്ദീന്‍- ആരിഫ ബീവി ദമ്പതികളാണ് മാതാപിതാക്കള്‍. ഭാര്യ: സജീല ബീവി. മക്കള്‍: മുഫീദ ഫര്‍സാന, മുര്‍ഷിദ് ഫര്‍സാന. സഹോദരങ്ങള്‍: നിഹാസ് (കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), ഷൈല ബീവി, ഷാമില ബീവി.

 

Latest News