Sorry, you need to enable JavaScript to visit this website.

വൈറസ് വിളവെടുപ്പുകൾ

തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കേ, കൊറോണ വൈറസിൽ നിന്ന് എന്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന ചിന്തയിലാണ് പാർട്ടികൾ. ചിലരാകട്ടെ, വൈറസിന് മതമുഖം ചാർത്തിക്കൊടുക്കുകയും ചെയ്യുന്നു. ആഗോള മഹാമാരി, ആഗോള രാഷ്ട്രീയത്തിലും ചലനം സൃഷ്ടിക്കുമ്പോൾ നമ്മൾ മാത്രമായി മാറിനിൽക്കുന്നതെങ്ങനെ?

വർഗീയത, മതവൈരം, സങ്കുചിത കക്ഷിരാഷ്ട്രീയം എന്നിവ മരണശ്വാസത്തിൽ പോലും കൈവിടില്ലെന്ന് മലയാളി തെളിയിക്കുകയാണ് ആസുരമായ കൊറോണക്കാലത്തും. കൊറോണ ജിഹാദ്, 'കോ'യയും ഡേ'വിഡും' ചേർന്നുണ്ടാക്കിയ മഹാമാരി തുടങ്ങിയ വിശേഷണങ്ങൾ ഈ മഹാവൈറസിന് ഇതിനകം ചാർത്തിക്കഴിഞ്ഞു, ക്ഷീരമുള്ളിടത്തും ചോര കണ്ടെത്തുന്ന വൈതാളികർ. കൊറോണക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും വിദഗ്ധ ചികിത്സയിലൂടെ രോഗിയെ രക്ഷപ്പെടുത്താൻ കഴിയും. എന്നാൽ അസുഖം പിടിച്ചു മരിക്കുന്നവന്റെ ജാതിയും മതവും തെരഞ്ഞുപോകുന്ന മനോരോഗത്തിന് തീർച്ചയായും ചികിത്സയില്ല.
ഇതൊക്കെ കണ്ടും കേട്ടുമാകണം, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്, വർഗീയതയുടെ വിളവെടുപ്പ് ഇവിടെ അനുവദിക്കില്ല എന്ന്. രാഷ്ട്രീയ വിളവെടുപ്പിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതുമില്ല. കൊറോണയെ നേരിടുന്ന വൈഭവം കണ്ടിട്ട്, പിണറായി വിജയനെ പ്രധാനമന്ത്രി മുതൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ വരെയാക്കണമെന്ന ആവശ്യമുയർന്നു കഴിഞ്ഞു. ആരോഗ്യ മന്ത്രിയെ മന്ത്രിയമ്മേ എന്നല്ലാതെ വിളിക്കില്ല. ഇതൊക്കെ കണ്ടാൽ പ്രതിപക്ഷത്തിന് സഹിക്കുമോ? അവരെക്കൊണ്ടാവുന്നത് അവരും ചെയ്യുന്നു.


ഇറ്റലിയിൽനിന്ന് വന്ന ക്‌നാനായ ക്രിസ്ത്യാനി കുടുംബവും ദൽഹിയിൽ തബ്‌ലീഗ് സമ്മേളനത്തിന് പോയവരും ചേർന്നാണ് രാജ്യത്ത് കൊറോണ കൊണ്ടുവന്നത് എന്ന് വരെ വ്യാഖ്യാനിക്കുന്നു പ്രധാനമന്ത്രിയുടെ അനുയായികൾ. കപിൽ സിബൽ ചൂണ്ടിക്കാണിച്ച പോലെ, ജീവിതം തന്നെ അടച്ചുപൂട്ടിയിരിക്കുന്ന ജനങ്ങൾക്കിടയിൽ രാമായണം കണ്ടും സുഡോകു കളിച്ചും രസിക്കുന്ന ഭരണാധികാരികൾ ആ വീരകൃത്യത്തിന്റെ ചിത്രങ്ങൾ സ്വയം പകർത്തി ജനങ്ങളെ കാണിച്ച് ആത്മനിർവൃതിയടയുന്ന കാലത്ത് ഇതും ഇതിലപ്പുറവുമൊക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
2008 ലെ മഹാപ്രളയ കാലത്തും നിപ്പ വൈറസ് കാലത്തുമൊന്നും കാണാത്ത ഒരു രാഷ്ട്രീയ മാത്സര്യം കൊറോണക്കാലത്ത് കാണുന്നതിന് പിന്നിൽ തീർച്ചയായും ആസന്നമായ തെരഞ്ഞെടുപ്പ് കാലത്തിന്റെ സ്വാധീനമുണ്ട്. ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത മെയ് ആകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച്, ഇടതുപക്ഷം ഇത്തവണ ഭരണത്തുടർച്ച നേടുമെന്ന് ചില വിശകലന വിദഗ്ധരൊക്കെ പ്രവചിക്കുന്നത് പ്രതിപക്ഷത്തെ പരിഭ്രാന്തമാക്കുന്നുണ്ട്. അതേയവസരത്തിൽ കൊറോണ, ഭരണപക്ഷത്തെ സംബന്ധിച്ച് വീണുകിട്ടിയ ഒരു അവസരവുമാണ്. പ്രളയ ദുരിതാശ്വാസം, റീബിൽഡ് കേരള പരിപാടികൾ പൊട്ടിപ്പൊളിഞ്ഞുനിൽക്കുന്ന അവസരത്തിൽ മൊത്തം ശ്രദ്ധയെ വഴിമാറ്റി വിടാൻ ഈ വൈറസ് സഹായിച്ചു. ഇതിനെ നന്നായി നേരിട്ടാൽ, തെരഞ്ഞെടുപ്പ് അനുകൂലമാക്കാം എന്ന് ഭരണപക്ഷം കരുതുന്നുണ്ട്. 


കൊറോണയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മറ്റാരെയും അടുപ്പിക്കാതിരിക്കാനും സർക്കാറിന്റെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് നടപ്പിലാക്കാനുമുള്ള നീക്കം ഈ തന്ത്രത്തിന്റെ ഭാഗമാണ്. കൊറോണ പ്രതിരോധത്തിന്റെ രാഷ്ട്രീയ നേട്ടം വിഭജിച്ചു പോകരുതെന്ന് സർക്കാറിന് നിർബന്ധമുണ്ട്. ജീവകാരുണ്യ പ്രവർത്തനം നടത്താൻ താൽപര്യമുള്ളവർ അത്, സ്വന്തം നിലക്ക് നടത്തേണ്ടതില്ല, സർക്കാറിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ നടത്തുക എന്നതാണ് നയം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയുള്ള ന്യായങ്ങൾ ഇതിന് പിന്നിലുണ്ടെങ്കിലും യഥാർഥ ലക്ഷ്യം അതല്ലെന്ന് വ്യക്തമാണ്. മഹാമാരിക്കെതിരെ രംഗത്തിറങ്ങാൻ ജീവകാരുണ്യ സംഘടനകളെ അധികമൊന്നും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുമില്ല, പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യമുള്ള സംഘടനകളെ. സംഭാവനയായി പണം തന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകവെക്കാം എന്നൊരു അഴകൊഴമ്പൻ നയമാണ് ഇക്കാര്യത്തിൽ സർക്കാറിന്റേത്.


ഇതര സംസ്ഥാന തൊഴിലാളികൾ മുതൽ, തെരുവു നായ്ക്കൾക്ക് വരെ പൊതിച്ചോറ് കൊടുക്കുന്ന പോലീസിന്റെ പടങ്ങൾ മാധ്യമങ്ങളിൽ നിറയുന്നതിന് കാരണമിതാണ്. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ സമ്മേളനമാകട്ടെ, ശ്രദ്ധയോടെ രൂപപ്പെടുത്തിയെടുക്കുന്ന വലിയൊരു രാഷ്ട്രീയ സന്ദേശവുമാണ്. ഇതിലെല്ലാം ഏറെ പൊറുതിമുട്ടിയിരിക്കുന്നത് പ്രതിപക്ഷമാണ്. 
സർക്കാരിതര സന്നദ്ധ സംഘങ്ങളെ അപ്രസക്തമാക്കും വിധം സർക്കാർ തന്നെ യുവജന കമ്മീഷനെ മുന്നിൽ നിർത്തി ഒരു സന്നദ്ധ സേനയുണ്ടാക്കി. ഇതാകട്ടെ, പ്രത്യേക രാഷ്ട്രീയ സംഘടനകളിൽ പെട്ടവരെ മാത്രമേ അംഗങ്ങളായി ചേർക്കുന്നുള്ളൂ എന്ന പരാതി ഇതിനകം ഉയർന്നു കഴിഞ്ഞു. കേരളത്തിൽ അനുഭവിക്കുന്ന ഈ പ്രതിസന്ധി തന്നെയാണ് കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന കർണാടകയിലും അവരെ വേട്ടയാടുന്നത്. 


പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗൺ വേളയിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ഭക്ഷണവും റേഷനും എത്തിക്കുമെന്ന കർണാടക സർക്കാറിന്റെ പ്രഖ്യാപനം മറ്റൊരു രാഷ്ട്രീയ പ്രചാരണ പരിപാടിയായി മാറിയതായാണ് അവിടത്തെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ആരോപിക്കുന്നത്. വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന ജനങ്ങൾക്ക് റേഷനും ഭക്ഷണവുമായി ചെല്ലുന്നത് മുഴുവൻ ആർ.എസ്.എസ് പ്രവർത്തകരാണ്. വിതരണം ചെയ്യാനായി സർക്കാർ തെരഞ്ഞെടുത്ത സന്നദ്ധ സേവകരെല്ലാം നേരത്തെ തന്നെ സ്വയംസേവകരാണെന്നാണ് ശിവകുമാർ പറയുന്നത്. കോൺഗ്രസുകാർക്ക് അങ്ങോട്ടൊന്നും എത്തിച്ചേരാൻ തന്നെ കഴിയുന്നില്ല. കേരളത്തിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പോകുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാം. രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്തമാണെങ്കിലും തന്ത്രങ്ങളിൽ വ്യത്യാസമില്ലെന്ന് ചുരുക്കം. 


കർണാടകയിൽ ഇതിനായി പോലീസിനെയും നന്നായി ഉപയോഗിക്കുന്നുണ്ട്. പുറത്തിറങ്ങുന്ന കോൺഗ്രസുകാരെ, ലോക്ഡൗണിന്റെ പേരിൽ പോലീസുകാർ അടിച്ചോടിക്കുന്നു. ആർ.എസ്.എസ് പ്രവർത്തകരാകട്ടെ, സ്വതന്ത്രമായി ഇറങ്ങിനടക്കുകയും സംഭാവന പിരിച്ച് ഭക്ഷണ സാധനങ്ങൾ വാങ്ങി ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്യുന്നു. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് യഥാസമയം, കോൺഗ്രസ് കേന്ദ്ര നേതൃത്വം ഒരു പദ്ധതിക്ക് രൂപം നൽകാതിരുന്നതും അവർക്ക് വിനയായി. കേരളത്തിലെ പ്രതിപക്ഷ നേതാവ് കാണിച്ചത്ര ആവേശം പോലും ഇക്കാര്യത്തിൽ ഹൈക്കമാന്റ് കാണിച്ചില്ല. ഇന്ദിരാ ഭവനിൽ കൺട്രോൾ റൂം തുറന്ന ശേഷമാണ് ദൽഹിയിലെ നേതാക്കൾക്ക് ആ ബുദ്ധി തോന്നിയത് എന്നത് ഇതിന്റെ വലിയ ഉദാഹരണം. 


കൊറോണ ആഞ്ഞടിച്ച സമയത്ത് കോൺഗ്രസ് കേന്ദ്ര നേതൃത്വം മധ്യപ്രദേശിൽ കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. കമൽനാഥ് സർക്കാർ ആടിയുലയവേ, എല്ലാ ശ്രദ്ധയും അങ്ങോട്ടു തിരിഞ്ഞു. എം.എൽ.എമാരുടെ കൂറുമാറ്റവും അധികാര നഷ്ടവും സൃഷ്ടിച്ച ആധി കാരണം വ്യാധിയെക്കുറിച്ച് ചിന്തിക്കാൻ അവർക്ക് സമയം ലഭിച്ചില്ല. പല സംസ്ഥാനങ്ങളിലും കൊറോണ പ്രശ്‌നത്തെ പ്രാകൃതമായ രീതിയിലാണ് ബി.ജെ.പി സർക്കാറുകൾ നേരിട്ടത്. എന്നാൽ അത് തുറന്നു കാണിക്കാൻ കോൺഗ്രസിനോ രാഹുൽ ഗാന്ധിക്കോ കഴിഞ്ഞില്ല. ഏതാനും ട്വീറ്റുകളിലൊതുങ്ങി രാഹുലിന്റെ പ്രവർത്തനം. സ്വന്തം മണ്ഡലത്തിൽ, ചില്ലറ സഹായങ്ങളൊക്കെ എത്തിച്ചില്ലെന്നല്ല, പ്രതിസന്ധി ഘട്ടത്തിൽ ഉയർന്നു പ്രവർത്തിക്കാനുള്ള സന്നദ്ധത അദ്ദേഹത്തിനോ പാർട്ടിക്കോ ഉണ്ടായില്ല. 
കൊറോണ കാലത്ത് തബ്‌ലീഗ് സമ്മേളനം ദൽഹിയിൽ ചേർന്നത് കുറ്റകരമായ അനാസ്ഥയാണ്. തീർച്ചയായും അത് വിമർശനം അർഹിക്കുന്നുണ്ട്. അതിനെ വിമർശിക്കുമ്പോൾ, തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല നടത്തിയവരെയും വിമർശിക്കണമെന്നിടത്താണ് നീതിപക്ഷം. പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ച ഒരേയൊരു കാര്യം പൊങ്കാല നടത്തിപ്പായിരുന്നു. പൊങ്കാലക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അനുമതി നിഷേധിക്കുകയാണെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാൻ അവർ തയാറെടുക്കുകയും ചെയ്തിരുന്നു. ശബരിമല പ്രശ്‌നത്തിലൂടെ കൈവരിക്കാൻ സാധിച്ച നേട്ടം പൊങ്കാല പ്രശ്‌നത്തിലൂടെ ആവർത്തിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ഉത്തരവാദപ്പെട്ട പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ, കേരളത്തിൽ ചൂടു കൂടുതലായതിനാൽ വൈറസ് പടരില്ല എന്നൊക്കെ പറയാനും ധൈര്യം കാണിച്ചു. കോൺഗ്രസ് നേതാവായ ബിന്ദുകൃഷ്ണ മാസ്‌ക് പോലും ധരിക്കാതെ പൊങ്കാലയിൽ പങ്കെടുത്ത്, വൈറസ് ഒരു പ്രശ്‌നമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊക്കെ കണ്ട സർക്കാർ, ശബരിമലയിൽ കിട്ടിയ അടി വീണ്ടും വാങ്ങിക്കാൻ താൽപര്യപ്പെടാത്തതിൽ അത്ഭുതമില്ല.


വാസ്തവത്തിൽ കൊറോണ ഒരു രാഷ്ട്രീയ വിഷയമാകുന്നത് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല. ആഗോള തലത്തിൽ തന്നെ വൈറസിന്റെ രാഷ്ട്രീയം വേരു പടർത്തുന്നുണ്ട്. കൊറോണയുടെ ഉത്തരവാദിത്തം ചൈനയുടെ മേൽ ചാരാൻ അമേരിക്ക ശ്രമിച്ചതും തിരിച്ച്, അമേരിക്കൻ സൈനികരാണ് വുഹാനിൽ വൈറസിനെ നിക്ഷേപിച്ചത് എന്ന ചൈനയുടെ ആരോപണവും ഇതിന്റെ ഭാഗമായിരുന്നു. വൈറസിന്റെ പേരിൽ അമേരിക്കക്കെതിരെ ആരോപണങ്ങൾ കടുപ്പിക്കുന്ന ഇറാനും രാഷ്ട്രീയമാണ് ഉന്നം വെക്കുന്നത്. ഉപരോധം മൂലം വേണ്ടത്ര മരുന്നുകൾ ലഭ്യമല്ലാത്തതാണ് ഇറാനിൽ വ്യാധി പടരാൻ കാരണമെന്നാണ് അവർ പറയുന്നത്. ഇതൊക്കെ വെച്ചുനോക്കുമ്പോൾ, നമ്മുടെ നേതാക്കന്മാരെ മാത്രമായി കുറ്റം പറയുന്നതെങ്ങനെ?

 


 

Latest News