ലോക്ക്ഡൗണ്‍ ലംഘിച്ചു; മകന്റെ പരാതിയില്‍ പിതാവിനെതിരെ കേസ്

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിനെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്‌ഡൗണ്‍ ലംഘിച്ചതായി പിതാവിനെതിരെ മകന്റെ പരാതി. തുടര്‍ന്ന് ഡല്‍ഹിയില്‍ 59 കാരനെതിരെ പോലീസ് കേസെടുത്തു. തെക്കുപടിഞ്ഞാറൻ ദല്‍ഹിയിലെ വസന്ത് കുഞ്ച് സ്വദേശി വീരേന്ദർ സിംഗിനെതിരെയാണ് പോലീസ് എഫ്ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചുവെന്ന് കാട്ടി മുപ്പതുകാരനായ മകന്‍ അഭിഷേക് ബുധനാഴ്ചയാണ് പോലീസിനെ സമീപിച്ചത്. പിതാവ് നിയന്ത്രണം പാലിക്കാതെ ചുറ്റിക്കറങ്ങുകയാണെന്ന് മകന്‍ പരാതിയില്‍ ആരോപിക്കുന്നു. രാജോകാരി പ്രദേശത്ത് താമസിക്കുന്ന ഇദ്ദേഹം ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണെന്നും അഭിഷേകിന്റെ പരാതിയിലുണ്ട്.

ആഗോളവ്യാപകാമായി പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിയുടെ വ്യാപനം തടയാന്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍  അടച്ചുപൂട്ടല്‍ ഏപ്രില്‍ 14 ഒറ്റയടിക്ക് റദ്ദാക്കുന്നതിന് പകരം ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,567 പേര്‍ക്ക് രാജ്യത്ത് കോവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതില്‍ 72 പേര്‍ മരണപ്പെടുകയും 156 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

Latest News