Sorry, you need to enable JavaScript to visit this website.
Wednesday , May   27, 2020
Wednesday , May   27, 2020

കോവിഡ് കാലത്തും തലയുയര്‍ത്തി മലയാളി നഴ്‌സുമാര്‍...

ലോകം കോവിഡ് ഭീതിയില്‍ വിറച്ചുനില്‍ക്കുമ്പോഴും കേരളത്തില്‍നിന്നുള്ള നഴ്‌സുമാര്‍ രോഗീ പരിചരണത്തില്‍ മുന്നില്‍ തന്നെ. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്‌സുമാരുടെ സേവനം ഈ കൊറോണക്കാലത്തും പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. കേരളത്തിലെ നഴ്‌സുമാരെ പ്രശംസിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് മുന്‍ അംഗം അന്നസൂബ്രി സംസാരിക്കുന്ന വീഡിയോ ബി.ബി.സി  പ്രക്ഷേപണം ചെയ്തിരുന്നു. ബ്രിട്ടന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ സംഭാവന വളരെ വലുതാണെന്നാണ് അവര്‍ പറയുന്നത്. 
അതേസമയം, യുദ്ധമുഖത്ത് ആവശ്യമായ ആയുധങ്ങളില്ലാതെ പോരാടുന്ന സൈനികരെയാണ് ഈ നഴ്‌സുമാര്‍ പ്രതിനിധീകരിക്കുന്നതെന്നും അവര്‍ സങ്കടപ്പെടുന്നുണ്ട്. ബ്രിട്ടനിലെ നഴ്‌സുമാരെ പറ്റിയാണ് അന്നസൂബ്രി സംസാരിക്കുന്നത്. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് ഈ മഹാമാരിയെ നേരിടുന്നതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. 
'സാഹചര്യം നിയന്ത്രിക്കാന്‍ അതോറിറ്റി ശരിയായ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രധാന ആശങ്ക അവര്‍ക്ക് സംരക്ഷണ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ്. ആശുപത്രി ജീവനക്കാര്‍ക്കായി കോവിഡ്19 പരിശോധന നടത്താനും അധികൃതര്‍ വിസമ്മതിക്കുന്നു. കേരളത്തിലെ സാഹചര്യവുമായി താരതമ്യം ചെയ്താല്‍ ബ്രിട്ടനില്‍ മതിയായ ആരോഗ്യ സംരക്ഷണം ലഭിക്കുന്നില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. കേരളത്തില്‍ നഴ്‌സുമാര്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുമ്പോള്‍ ബ്രിട്ടനില്‍ അത്തരം സുരക്ഷിതത്വമില്ല. 
ആശുപത്രി, കമ്യൂണിറ്റി സേവനങ്ങള്‍ നല്‍കുന്ന ലണ്ടന്‍ നോര്‍ത്ത് വെസ്റ്റ് യൂനിവേഴ്‌സിറ്റി ഹെല്‍ത്ത്‌കെയര്‍ എന്‍.എച്ച്.എസ് ട്രസ്റ്റില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഒരു നഴ്‌സും ഇതിനെ പിന്തുണക്കുന്നുണ്ട്. 'നിലവിലെ സ്ഥിതി നോക്കുമ്പോള്‍, ബ്രിട്ടന്‍ പൂര്‍ണമായും തയാറായിട്ടില്ലെന്ന് തോന്നുന്നു, ഇതുമൂലം കുഴപ്പങ്ങള്‍ എല്ലായിടത്തും പ്രകടമാണ്,' സംരക്ഷണ ഉപകരണങ്ങള്‍ തീരെയില്ല. ഇപ്പോഴും കുറവുകള്‍ പരിഹരിക്കാന്‍ മാത്രമാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.  
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം മാത്രമാണ് മിക്കപ്പോഴും രോഗികളെ സ്‌ക്രീനിംഗ് ചെയ്യുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചില നല്ല ഫലങ്ങള്‍ ഉണ്ട്, പക്ഷേ മൊത്തത്തില്‍ ഇപ്പോഴും ഭയം മാറിയിട്ടില്ല. ആരോഗ്യ സംരക്ഷകര്‍ക്ക് അസുഖം വരാതിരിക്കലാണ് മുന്നിലുള്ള വെല്ലുവിളിയെന്നും അവര്‍ പറഞ്ഞു. 'ഞങ്ങള്‍ രോഗവാഹകരാകാം, അത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കും' -അവള്‍ പറഞ്ഞു. ഇവിടെ സ്റ്റാഫും കുറവാണ്. കിടക്കയുടെ കുറവുമുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് അസുഖം വരാതിരിക്കുക എന്നതാണ് ആശുപത്രി മാനേജ്‌മെന്റിന് താല്‍പര്യം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഒരുക്കും. അതേസമയം, ആവശ്യമായ സ്റ്റാഫ് പോലുമില്ലാതെ നഴ്‌സുമാര്‍ക്ക് ജോലി ഭാരം കൂടുകയും ചെയ്യുന്നു.  
ഇതിനൊക്കെ ഇടയിലാണ് സൂബ്രിയുടെ പരാമര്‍ശം വരുന്നത്. തങ്ങളെ പരിഗണിക്കാനും കാര്യങ്ങളറിയാനും ശ്രമിക്കുന്നവരുണ്ടല്ലോ എന്നതായിരുന്നു നഴ്‌സുമാരുടെ ആശ്വാസം. ജോലിയുടെ പ്രാധാന്യവും വിഷമങ്ങളും മനസ്സിലാക്കിയത് അംഗീകാരമായി കരുതുന്നുവെന്ന് നഴ്‌സുമാര്‍ പറഞ്ഞു.
അനുകമ്പയും കരുതലുമാണ് മലയാളി നഴ്‌സുമാരെ മികച്ചതാക്കുന്നത്, എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ തീര്‍ച്ചയായും മലയാളി നഴ്‌സുമാര്‍ മുന്‍നിരയിലായിരിക്കും. ഈ സാഹചര്യത്തിലും ലണ്ടനിലെ ആക്‌സിഡന്റ്, എമര്‍ജന്‍സി ടീമിന്റെ ഭൂരിപക്ഷവും കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരാണ്. തക്കതായ ഒരു കാരണം ഇല്ലാതെ ഈ നഴ്‌സുമാര്‍ ജോലിയില്‍നിന്ന് പിന്മാറില്ല. നഴ്‌സുമാര്‍ക്കും നഴ്‌സ് വിദ്യാഭ്യാസത്തിനുമുള്ള ദേശീയ റെഗുലേറ്ററി ബോഡിയായ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ 2018-19 വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2.1 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരും മിഡ്‌വൈഫുകളും 8,79,508 ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫുകളും ഇന്ത്യയിലുണ്ടായിരുന്നു. നിലവില്‍ 1544 സ്ഥാപനങ്ങള്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അവ നഴ്‌സിംഗ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാലും ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ നല്ല ശമ്പളം നല്‍കാത്തതിനാലും പൊതുജനാരോഗ്യ സംരക്ഷണ ചെലവ് പരിമിതപ്പെടുത്തിയിരിക്കുന്നതിനാലും ബിരുദധാരികള്‍ വിദേശത്ത് ജോലി തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
 

Latest News