കോട്ടയം- കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി . 93 വയസ്സുള്ള തോമസ്, 88 കാരിയായ ഭാര്യ മറിയാമ്മ എന്നീ റാന്നി സ്വദേശികളാണ് കോവിഡ് 19 മുക്തിനേടി ആശുപത്രി വിട്ടത്. ഇവര്‍ വീട്ടില്‍ 14ദിവസം കൂടി നിരീക്ഷണത്തില്‍ തുടരും.
കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് രണ്ട് മുതിര്‍ന്ന നഴ്‌സുമാര്‍ക്കൊപ്പം ആംബുലന്‍സിലാണ് ഇവരെ റാന്നിയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. രോഗം ഭേദമായതില്‍ സന്തോഷം പ്രകടിപ്പിച്ച ഇവര്‍ ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞാണ് സ്വദേശത്തേക്ക് മടങ്ങിയത്. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ ഇവരെ കൈവീശി യാത്രയാക്കി.
മാര്‍ച്ച് എട്ടിനാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍നിന്ന് എത്തിയ കുടുംബവുമായുള്ള സമ്പര്‍ക്കമാണ് രോഗം പിടിപെടാന്‍ ഇടയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിസ്തയിലിരുന്ന ഇരുവരും പ്രായാധിക്യം മൂലമുള്ള അവശതകളും ആരോഗ്യപ്രശ്നങ്ങളും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ആശുപത്രിയില്‍ ലഭിച്ച മികച്ച പരിചരണം ഇരുവരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ചു.