ന്യൂദല്‍ഹി- ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിനെതിരെ നിശിത വിമര്‍ശം.
കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ സാമ്പത്തിക നടപടികള്‍ പ്രഖ്യാപിക്കാതെ മേഡി ദീപങ്ങള്‍ തെളിയിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
രാജ്യത്തെ ദരിദ്രജനവിഭാഗങ്ങള്‍ക്കായി സാമ്പത്തിക സഹായ പാക്കേജും സാമ്പത്തിക ക്ലേശം മറികടക്കാനുള്ള നടപടികളും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ ജനങ്ങള്‍ നിരാശരായെന്നും മുന്‍ ധനമന്ത്രി പി.ചിദംബരം ട്വീറ്റ് ചെയ്തു.
''പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഞങ്ങള്‍ നിങ്ങളെ അനുസരിക്കുകയും ഏപ്രില്‍ അഞ്ചിന് ദീപം തെളിയിക്കുകയും ചെയ്യാം. പകരമായി, ഞങ്ങള്‍ പറയുന്നത് കേള്‍ക്കുകയും ആരോഗ്യ-സാമ്പത്തിക വിദഗ്ധരുടെ ബുദ്ധിപൂര്‍വകമായ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക'' -ചിദംബരം പറഞ്ഞു.
ഇന്ന് ഞങ്ങള്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത് രണ്ടാമത് സാമ്പത്തിക സഹായ പദ്ധതിയാണ്. മാര്‍ച്ച് 25 ലെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തില്‍ അവഗണിച്ച ദരിദ്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള ഉദാരമായ ഉപജീവന സഹായ പാക്കേജാണ് പ്രതീക്ഷിച്ചത് -ചിദബരം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാമ്പത്തിക തകര്‍ച്ച തരണം ചെയ്യുന്നതിനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള നടപടികളാണ് പ്രധാനമന്ത്രിയില്‍നിന്ന് ബിസിനസുകാര്‍ മുതല്‍ ദിവസ വേതനക്കാരന്‍ വരെ പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് ഒമ്പത് മിനിറ്റ് എല്ലാ വൈദ്യൂതി വിളക്കുകളും അണക്കണമെന്നും ബാല്‍കണികളില്‍ നിന്നും വീടുകള്‍ക്ക് മുന്നില്‍ നിന്നും മെഴുകിതിരി, മൊബൈല്‍ വെളിച്ചം എന്നിവ പ്രകാശിപ്പിച്ച് എല്ലാവരും രാജ്യത്തിനൊപ്പം നില്‍ക്കണമെന്നുമാണ് പ്രധാനമന്ത്രി മോഡി വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
മോഡി പ്രധാനമന്ത്രിയല്ല, പ്രധാന്‍ ഷോമാനാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ എം.പി പരിഹസിച്ചു.
ആളുകളുടെ വേദന, ബാധ്യതകള്‍, സാമ്പത്തിക വിഷമം എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണിന് ശേഷമുള്ള പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവി കാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം -തരൂര്‍ പറഞ്ഞു.






