ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും  പോകാം വിദേശികള്‍ക്ക് നാടണയാന്‍ അവസരം- കൂടുതല്‍ വിശദീകരണങ്ങളുമായി മന്ത്രാലയം

റിയാദ്- കോവിഡ് പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്ലാത്തതിനാല്‍ പ്രയാസത്തിലായവര്‍ക്ക് നാട്ടില്‍ പോകാന്‍ മാനവ ശേഷി സാമൂഹിക മന്ത്രാലയം പ്രഖ്യാപിച്ച ആനുകൂല്യം എല്ലാ സ്ഥാപനങ്ങള്‍ക്കും ലഭിക്കും. ഇഖാമ കാലാവധി അവസാനിച്ചവര്‍ക്കും ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി എന്നിവ അടിച്ചവര്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്നും ഒരു കമ്പനിയില്‍ നിന്ന് എത്രപേര്‍ക്ക് വേണമെങ്കിലും പോകാമെന്നും മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി കമ്പനിയാണ് നാട്ടില്‍ പോകാനുള്ളവരുടെ ലിസ്റ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിച്ചാല്‍ പ്രത്യേക റഫറന്‍സ് നമ്പര്‍ കമ്പനി പ്രതിനിധിക്ക് അയച്ചുകൊടുക്കും. സ്വീകരിച്ചില്ലെങ്കില്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക അറിയിപ്പും ലഭിക്കും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
റഫറന്‍സ് നമ്പര്‍ ലഭിച്ചാല്‍ ഉടനെ തൊഴിലാളിയുടെ യാത്രാനടപടികളിലേക്ക് പ്രവേശിക്കാം. റീ എന്‍ട്രിയോ ഫൈനല്‍ എക്‌സിറ്റോ അടിക്കല്‍, രോഗമുക്തനാണെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളാനുകൂല്യങ്ങള്‍ നല്‍കല്‍, നിശ്ചിത തിയ്യതിക്ക് ടിക്കറ്റ് നല്‍കല്‍ എന്നിവ പൂര്‍ത്തിയാക്കണം. 
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും. യമനികള്‍ക്ക് ഗതാഗതമന്ത്രാലയവുമായി സഹകരിച്ചാണ് നാട്ടിലേക്ക് പോകാനാവുക. ഫൈനല്‍ എക്‌സിറ്റ് ആവശ്യപ്പെട്ടിട്ടും സ്‌പോണ്‍സര്‍ നല്‍കുന്നില്ലെങ്കില്‍ തൊഴിലാളിക്ക് മന്ത്രാലയത്തില്‍ പരാതിനല്‍കി നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

Latest News