Sorry, you need to enable JavaScript to visit this website.

സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് ആശ്വാസമാകുന്നു

ദമാം- കിഴക്കൻ പ്രവിശ്യയിലെ  ക്യാമ്പുകളിൽ പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് പ്രാദേശിക സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടൽ ആശ്വാസമാകുന്നു. കൊറോണ ഭീഷണി ശക്തമായതോടെ രാജ്യത്തു ഏർപ്പെടുത്തിയ കർഫ്യൂവിനെ തുടർന്ന് പല കമ്പനികളും ഭാഗികമായി പ്രവർത്തനം നിറുത്തി വെക്കുകയായിരുന്നു. ഈ സാഹചര്യം വരുന്നതിനു മുൻപ് തന്നെ പല കമ്പനികളും സാമ്പത്തികമായി തകരുകയും അടച്ചു പൂട്ടുകയും ചെയ്തതോടെ നാടിലേക്ക് മടങ്ങുന്നതിനും കുടിശ്ശിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിനും വേണ്ടി ലേബർ ഓഫീസുകളിൽ കേസ് നൽകി വിധിക്കായി കാത്തിരിക്കുകയുമായിരുന്നു. ഇവരാണ് പ്രശ്‌നങ്ങളിൽ നിന്നും പ്രശ്‌നങ്ങളിലേക്ക്്് നീങ്ങിയിരിക്കുന്നത്. ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാരായ തൊഴിലാളികൾ ദുരിതത്തിലായത്തോടെ മലയാളി പ്രാദേശിക കൂട്ടായ്മകളും സാമൂഹിക പ്രവർത്തകരും ഇവരെ സഹായിക്കുന്നതിനായി രംഗത്തിറങ്ങുകയായിരുന്നു. വ്യാപാര രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് അടക്കമുള്ള പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ ഇവർക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കുന്നതായി സാമൂഹ്യ പ്രവർത്തകർ വെളിപ്പെടുത്തി.


സ്വന്തമായി ചെറിയ ജോലികൾ ചെയ്തു വന്നിരുന്നവരും, ലിമോസിനിലും മറ്റും ഡ്രൈവർ ജോലി ചെയ്തിരുന്നവരും നിത്യവൃത്തിക്കായി കൂലിപ്പണി ചെയ്തിരുന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഹൗസ് ഡ്രൈവർ ജോലിചെയ്തു പുറത്തു താമസമാക്കിയവരും നിത്യചെലവിനു പോലും വഴിയില്ലാതെ കഴിയുന്നതായി അറിയുന്നു. ഇത്തരക്കാരുടെ വിഷയങ്ങൾ ശ്രദ്ധയിൽ പെടുന്ന മുറക്ക് അവർക്ക് വേണ്ട നിത്യോപയോഗ സാധനങ്ങളും ഭക്ഷണങ്ങളും അവരുടെ താമസ സ്ഥലത്ത് തന്നെ എത്തിച്ചു നൽകുന്നതായി സാമൂഹ്യ പ്രവർത്തകൻ ഇഖ്ബാൽ ആനമങ്ങാട് പറഞ്ഞു. കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയ കിഴക്കൻ പ്രവിശ്യയിലെ പ്രദേശത്ത് നിന്നും മാന്നാർ സ്വദേശി പങ്കുവെച്ചത് വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന നിരവധി ആളുകൾ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നതായുള്ള വിവരമാണ്. ഈ പ്രദേശത്തേക്ക് ഭക്ഷണം എത്തിക്കുന്നതിനായി ദമാമിലെ പ്രമുഖ സാമൂഹിക സംഘടനയും വിവിധ കൂട്ടായ്മകളും രംഗത്ത് വന്നിട്ടുണ്ട്. ശക്തമായ നിയന്ത്രണമുള്ളതിനാൽ അധികൃതരിൽ നിന്നും അനുമതി ലഭിക്കുന്നതിനനുസരിച്ചു സഹായമെത്തിക്കുമെന്നു സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ പ്രാദേശിക കൂട്ടായ്മയായ പെരിന്തൽമണ്ണ എൻ ആർ ഐ ഫോറം ഇത്തരം സാഹചര്യത്തിൽ വിഷമിക്കുന്നവരെ സഹായിക്കുന്നതിനു രംഗത്തുണ്ട്.

സോഷ്യൽ മീഡിയ വഴി ഇത് സംബന്ധിച്ച് തങ്ങളുടെ പ്രവർത്തകരിലൂടെ അറിയിപ്പ് നൽകിയതായി ആക്ടിംഗ് സെക്രട്ടറി അബ്ദുൽ സലാം താഴേക്കോട് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഭീതി പടർത്താതെ സാധാരണക്കാരായ തൊഴിലാളികളിൽ ആത്മ വിശ്വാസം നൽകുന്നതിനും പൊതു സമൂഹത്തിന്റെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. മുറികളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ നാട്ടുകാരും സുഹൃത്തുക്കളും പരസ്പരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെടുകയും ആത്മധൈര്യം പകരുന്നതിലൂടെയും ദുരിത സാഹചര്യങ്ങളെ മറികടക്കാനുളള  ആത്മവിശ്വാസം പകരുന്നുണ്ട്.  മുറികളിലെ ഒറ്റപ്പെട്ട ജീവിതവും ജോലി സംബന്ധമായും സാമ്പത്തികമായുമുള്ള വിഷയങ്ങൾ രൂക്ഷമാവുകയും ചെയ്യുന്നതോടെ മാനസിക സംഘർഷങ്ങൾ വർധിക്കുമെന്നും ശാരീരിക അസ്വാസ്ഥ്യങ്ങൾ കൂട്ടുമെന്നും അതിലൂടെ ഹൃദയാഘാതം, രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ അവസ്ഥയിലെത്തുമെന്നും ചിലരെ മാനസിക രോഗികളായും അതിൽനിന്നു ആത്മഹത്യയിലേക്കു നയിച്ചേക്കാമെന്നും ആരോഗ്യ രംഗത്തുള്ളവരും മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ സാമൂഹ്യ, ആരോഗ്യ രംഗത്തുള്ളവരുടെ ഇടപെടൽ കൂടുതൽ ശക്തമാകേണ്ടതുണ്ട്. 

Latest News