Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്കിത് കടുത്ത അഗ്നിപരീക്ഷ 


ലോകം തന്നെ വലിയ അഗ്നിപരീക്ഷണത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ നാടുവിട്ട് അന്നം തേടാനിറങ്ങിയ പ്രവാസികളെ സംബന്ധിച്ചിടത്തോളം അതിന്റെ തീവ്രത കൂടുതലാണ്. ഓരോ പ്രവാസിയും എന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കിൽ അതു പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ്. അത് ഓരോ പ്രദേശങ്ങളെയും വ്യക്തികളെയും ആശ്രയിച്ചായിരുന്നുവെങ്കിൽ ഇന്ന് വലിപ്പ ചെറുപ്പമില്ലാതെ പ്രവാസികൾ ഒന്നാകെ പ്രയാസങ്ങളുടെ നടുക്കയത്തിൽപെട്ട് ഉഴലുകയാണ്. സാമ്പത്തിക ശേഷി കുറഞ്ഞ, കുടുംബങ്ങളെ വിട്ടെറിഞ്ഞ് താഴേക്കിടയിലുള്ള ജോലി ചെയ്തു ഉപജീവന മാർഗം കണ്ടെത്തിയിരുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. നാട്ടിൽ പ്രവാസികളെ കണ്ടാൽ ഓടിയടുത്തിരുന്നവർ ഇന്ന് ഓടിയകലാനാണ് ശ്രമിക്കുന്നത്.  രോഗവാഹകരായി അവർ ചിത്രീകരിക്കപ്പെടുന്നു. അവന്റെ സെന്റിനും പണത്തിനുമുണ്ടായിരുന്ന മണം പോയ്മറഞ്ഞിരിക്കുന്നു. കേരളത്തിൽ രോഗം കൊണ്ടുവന്നവർ, വ്യാപനം നടത്തിയവർ പ്രവാസികളാണെന്ന ആരോപണം അറിഞ്ഞോ അറിയാതെയോ പങ്കുവെക്കപ്പെടുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടാണല്ലോ മുഖ്യമന്ത്രിക്കു തന്നെ പറയേണ്ടിവന്നത്, 'പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണെന്നും അവരെ വേദനിപ്പിക്കരുതെന്നും'. അവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സംരക്ഷണവും സഹായവും നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ മാത്രമാണ് നോക്കെത്താ ദൂരത്ത് മനമുരുകി കഴിയുന്ന പ്രവാസികൾക്കിപ്പോൾ ഏക ആശ്വാസം.


പ്രവാസ ലോകം നേരിടാൻ പോകുന്നത് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, വലിയ തോതിലുള്ള തൊഴിൽ നഷ്ടവുമാണ്. ഇതുവരെയുള്ള തൊഴിലുകളുടെ അവകാശങ്ങൾ ഹനിക്കപ്പെടാതെ കോവിഡ് പ്രതിസന്ധി തുടങ്ങിയതു മുതലുള്ള കാലം പരിഗണിച്ചും വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടും തൊഴിലാളികളുടെ കാര്യത്തിൽ എന്തു തീരുമാനവും എടുക്കാനുള്ള അവകാശം ഗൾഫിലെ പല സർക്കാറുകളും തൊഴിലുടമകൾക്ക് നൽകിക്കഴിഞ്ഞു. ഇതിനനുസൃതമായ നിയമ ഭേദഗതികളും പ്രാബല്യത്തിലായി. കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ജീവനക്കാരുമായുള്ള കരാർ പുനരവലോകനം ചെയ്യാൻ സ്വകാര്യ മേഖലയെ അനുവദിക്കുന്ന നിയമം യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം പാസാക്കിക്കഴിഞ്ഞു. ഒറ്റയടിക്ക് മാറ്റങ്ങൾ അരുതെന്നും ക്രമേണ നടപടിക്രമങ്ങളിലൂടെ കരാർ മാറ്റങ്ങൾ ആകാമെന്നുമുള്ള മാനുഷിക പരിഗണന മന്ത്രാലയം നൽകിയിട്ടുണ്ടെന്നതു മാത്രമാണ് ആശ്വാസം.

ജോലി നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്താൻ സൗകര്യമേർപ്പെടുത്തിക്കൊടുക്കുകയും അതു സാധ്യമാകുന്നതു വരെ കിടക്കാനിടവും ഭക്ഷണവും നൽകണമെന്ന വ്യവസ്ഥയും മുന്നോട്ടു വെച്ചിട്ടുണ്ടെന്ന മാനുഷിക വശം തെല്ല് ആശ്വാസം നൽകുന്നതാണ്. എന്നാൽ കിടക്കാനിടവും ഭക്ഷണവും കിട്ടിയാൽ തീരുന്നതല്ലല്ലോ പ്രവാസികളുടെ പ്രശ്‌നം. അവരെ സംബന്ധിച്ചിടത്തോളം അവരെ  ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണ് പ്രശ്‌നം. അതിനു പരിഹാരം ഉണ്ടാവണമെങ്കിൽ ജോലിയും ശമ്പളവും ലഭിച്ചേ മതിയാകൂ. എന്നാൽ കോവിഡ് കാലം കഴിഞ്ഞാലും വരാൻ പോകുന്നത് ഭീതിജനകമായ അവസ്ഥയായിരിക്കും. തൊഴിൽ നഷ്ടപ്പെടുന്നവർ ആയിരങ്ങളായിരിക്കും. തൊഴിലുണ്ടായാൽ തന്നെ ലഭിച്ചിരുന്ന ശമ്പളമോ ആനുകൂല്യമോ ലഭിക്കാത്തവരായി പതിനായിരങ്ങളുണ്ടാവും. പ്രതിരോധ നടപടികളുടെ കാലയളവിൽ ശമ്പളം താൽക്കാലികമായി കുറക്കുക, സ്ഥിരമായി കുറക്കുക തുടങ്ങിയ ഉപാധികളും തൊഴിൽ മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്. വർധിച്ച ചെലവിനിടയിൽ ഇത്തരം കുറവുകൾ നേരിട്ടുകൊണ്ട് പലർക്കും പിടിച്ചു നിൽക്കുക പ്രയാസമായി മാറും. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റു ജോലികൾ തേടാമെന്ന ഉപാധിയുണ്ടെങ്കിലും എല്ലായിടവും പ്രതിസന്ധിയിലകപ്പെട്ടു കഴിയുമ്പോൾ പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാവുക വിരളമായിരിക്കും. അപ്പോൾ അതുകൊണ്ടും പ്രയോജനമില്ലാതായി മാറും. ഇതു യു.എ.ഇയിലെ മാത്രം കാര്യമല്ല, ഒട്ടു മിക്കയിടത്തും വരികയും വരാനിരിക്കുന്നതുമായ കാര്യങ്ങളാണ്.  


കൊറോണ വ്യാപനത്തിനെതിരെ സ്വീകരിച്ചുവരുന്ന നടപടികൾ ലക്ഷക്കണക്കിനു വരുന്ന വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലും പ്രതിസന്ധിയിലുമാക്കിയതായി പ്രമുഖ വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു. ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ ജോലിയില്ലാതെ പട്ടിണിയിലേക്ക് നീങ്ങുന്നതിനു പുറമെ കോവിഡ് വെല്ലുവിളിയും നേരിടുകയാണ്. കർഫ്യൂവും ലോക്ഡൗണും കൊണ്ടെല്ലാം പുറത്തിറങ്ങാനാവാതെ ലേബർ ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്ഥിതി വളരെ ദയനീയമാണ്. ജോലിയില്ലെന്നു മാത്രമല്ല, പരിമിതമായ സ്ഥലത്ത് വിവിധ ദേശക്കാരും ഭാഷക്കാരുമായവർ ഒരുമിച്ചു കഴിയുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളും ശുചിത്വക്കുറവുമെല്ലാം ജോലിയും കൂലിയുമില്ലാതെ കഴിയുന്നവർക്കുണ്ടാക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതോടൊപ്പം നാട്ടിൽ കഴിയുന്ന കടുംബങ്ങളുടെ ദയനീയാവസ്ഥ കൂടിയാവുമ്പോൾ പലരെയും ശാരീരികമായി മാത്രമല്ല, മാനസികമായും തളർത്തുമെന്നതാണ് വാസ്തവം. ക്യാമ്പുകളിലെ അസൗകര്യങ്ങളിൽനിന്ന് പലരും മോചനം തേടിയിരുന്നത് തുറസ്സായ സ്ഥലത്തും ബീച്ചുകളിലും പോയിരുന്ന് സൊറ പറഞ്ഞും കാറ്റുകൊണ്ടുമായിരുന്നു. അതിനു പോലും കഴിയാതെ, ദുസ്സഹമായ ജീവിത സാഹചര്യത്തെയാണ് തൊഴിലാളികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ ആവശ്യത്തിനു ഭക്ഷണവും ഇല്ലാത്ത സാഹചര്യം കൂടി സംജാതമാവുന്നതോടെ ദുരിതങ്ങൾ വിവരിക്കാനാവുന്നതിനുമപ്പുറമാവും. 


സാമ്പത്തിക ശേഷിയുള്ളവരുടെ കാര്യമെടുത്താലും ഒട്ടേറെ മാനസിക പ്രയാസങ്ങളിലൂടെയാണ് അവരും കടന്നു പോകുന്നത്. വിവിധ രാജ്യങ്ങളിൽ പഠിക്കുന്ന, നാട്ടിൽ എത്തിച്ചേരാൻ കഴിയാതെ കുടുങ്ങിപ്പോയ മക്കളെയോർത്തും നാട്ടിലുള്ള പ്രായമായ മാതാപിതാക്കളെ ഓർത്തും മനംനീറിയാണ് ഓരോരുത്തരും ഓരോ നിമിഷവും കഴിഞ്ഞുകൂടുന്നത്. വിമാന സർവീസുകളില്ലാത്തതിനാൽ ഒരാപത്തുണ്ടായാൽ, പ്രിയപ്പെട്ടവരുടെ വേർപാടുണ്ടായാൽ ഓടിച്ചെല്ലാൻ കഴിയാത്ത അവസ്ഥ. ഇതിനിടെ ഇവിടെ മരിക്കുന്ന ഹതഭാഗ്യവാന്മാരുടെ മൃതദേങ്ങൾ നാട്ടിലെത്തിക്കുന്നതിനോ, എന്തിനേറെ സംസ്‌കാരം പോലും ശരിയാംവണ്ണം നടത്തുന്നതിനോ കഴിയാത്ത സഹാചര്യം. അങ്ങനെ എല്ലാ അർഥത്തിലും കോവിഡ് വ്യാപന ഭീകരതയേക്കാൾ ഭീകരമായ അവസ്ഥയിലാണ് പ്രവാസികൾ കഴിഞ്ഞുകൂടുന്നത്. ഇത്തരമൊരവസ്ഥ ഇതിനു മുൻപ് ഒരിക്കലും ഈ വിഭാഗം നേരിട്ടിട്ടില്ല. അതിനിടെ നാട്ടിൽനിന്നുളള കുറ്റപ്പെടുത്തലുകൾ കൂടിയാവുമ്പോൾ പലരുടെയും മനസ്സുകൾ മരവിച്ചുപോവുകയാണ്. എങ്കിലും പ്രവാസികളെ എന്നും നയിച്ചിട്ടുള്ളത് പ്രതീക്ഷയാണ്. അതുകൊണ്ട് ഈ അഗ്നിപരീക്ഷണവും അവർ അതിജീവിക്കു തന്നെ ചെയ്യും. 

Latest News