Sorry, you need to enable JavaScript to visit this website.

ചൊവ്വാ പൂതി അകലെ, ആശങ്കകൾ പങ്കുവെച്ച് ഇലോൺ മസ്‌ക്

ചൊവ്വയിൽ മനുഷ്യന്റെ കോളനി സ്ഥാപിക്കുകയെന്ന സ്വപ്നം തന്റെ ജീവിതകാലത്ത് പൂർത്തിയാകില്ലെന്ന ആശങ്ക പങ്കുവെച്ച് ഇലോൺ മസ്‌ക്. ബഹിരാകാശ ഗവേഷണങ്ങളിൽ പ്രതീക്ഷിച്ചത്ര വേഗമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.  മനുഷ്യൻ ചൊവ്വയിലെത്തുന്ന ദിവസം താൻ ജീവിച്ചിരിപ്പുണ്ടാകില്ലെന്നും ഇപ്പോഴത്തെ പോക്കിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയെ വിട്ട് മറ്റൊരു ഗ്രഹത്തിലേക്ക് മനുഷ്യൻ കുടിയേറാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ ഓർമ വരുന്ന പേരാണ് ഇലോൺ മസ്‌കിന്റേത്. 2024 ൽ മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്നാണ് നേരത്തെ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിലെ അവസ്ഥയിൽ അത് സാധ്യമാകുമെന്ന് ഇലോൺ മസ്‌ക് പോലും കരുതുന്നില്ല എന്നാണ്  അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന തെളിയിക്കുന്നത്. ബഹിരാകാശ ശാസ്ത്രം അതിവേഗത്തിൽ പുരോഗമിച്ചില്ലെങ്കിൽ ചന്ദ്രനിൽ ബഹിരാകാശ ഇടത്താവളവും ചൊവ്വയിൽ മനുഷ്യ കോളനിയും സ്ഥാപിക്കുകയെന്നത് തന്റെ ജീവിത കാലത്തേക്കെങ്കിലും സ്വപ്നമായി അവശേഷിക്കുമെന്നാണ് മസ്‌ക് പറയുന്നത്.
നമ്മൾ വേഗം കൂട്ടിയില്ലെങ്കിൽ മനുഷ്യൻ ചൊവ്വയിലെത്തുന്നത് കാണാൻ എനിക്കാവില്ല -വാഷിങ്ടണിൽ നടന്ന സാറ്റലൈറ്റ് 2020 കോൺഫറൻസിനിടെ ഇലോൺ മസ്‌ക് പറഞ്ഞു.  ഇതിനു മുമ്പ് സ്വപ്നമെന്ന് കരുതുന്ന ലക്ഷ്യങ്ങൾ അതിവേഗം പ്രാവർത്തികമാക്കി ശ്രദ്ധേയനായിട്ടുള്ള ഇലോൺ മസ്‌കിന് നിലവിലെ ബഹിരാകാശ ഗവേഷണങ്ങളുടെ വേഗത്തിൽ ആത്മവിശ്വാസമില്ല. വലിയ സ്വപ്നങ്ങളുമായി ജന്മമെടുത്ത ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് പോലും കാലാന്തരത്തിൽ മറ്റു ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ മാറ്റിയിരിക്കയാണ്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ സഞ്ചാരികളെ എത്തിക്കുകയെന്നതാണ് നിലവിൽ സ്പേസ് എക്സിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഇപ്പോൾ തന്നെ മുൻനിശ്ചയിച്ച തീയതിയെ അപേക്ഷിച്ച് ഏറെ വൈകിയ ലക്ഷ്യമാണിത്. ബഹിരാകാശ, അന്യഗ്രഹ സ്വപ്നങ്ങൾക്കൊപ്പം സ്പേസ് എക്സ് ഏറെ പ്രാധാന്യത്തോടെ കാണുന്ന മറ്റൊരു പദ്ധതിയാണ് സ്റ്റാർലിങ്കിന്റേത്. ലോകമെങ്ങുമുള്ള ഉപഭോക്താക്കൾക്ക് അതിവേഗ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാർ ലിങ്കിന്റെ ലക്ഷ്യം.
സ്റ്റാർലിങ്ക് യാഥാർഥ്യമായാൽ വലിയ തോതിൽ വരുമാനം ലഭിക്കുമെന്നും അത് ബഹിരാകാശ സ്വപ്നങ്ങൾക്ക് ഇന്ധനമാകുമെന്നുമാണ് സ്പേസ് എക്സിന്റെ പ്രതീക്ഷ. ചൊവ്വയിലേക്കുള്ള ബഹിരാകാശ പേടകം നിർമിക്കാനായിരിക്കും ഇതിൽ വലിയ തുക ഉപയോഗിക്കുക.
 

Latest News