വാഷിംഗ്ടണ്‍- അമേരിക്കയില്‍ വരും ആഴ്ചകളില്‍ കോവിഡ് മരണങ്ങള്‍ ഉയരുമെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ
സിവിലിയന്‍ ഉപയോഗത്തിനായി ഒരുലക്ഷം സൈനിക രീതിയിലുള്ള ബോഡി ബാഗുകള്‍ ലഭ്യമാക്കാന്‍ പെന്റഗണ്‍ ശ്രമം തുടങ്ങി. മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്നതിന് സൈന്യം ഉപയോഗിക്കാറുള്ള ലക്ഷം പൗച്ചുകള്‍ക്കാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.
പെന്റഗണ്‍ കൂടുതല്‍ ബോഡി ബാഗുകള്‍ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും തുടക്കത്തില്‍ ഇപ്പോള്‍ സ്‌റ്റോക്കുള്ള 50,000 ല്‍നിന്ന് ഉപയോഗിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 94 ഇഞ്ച് നീളവും 38 ഇഞ്ച് വീതിയുമുള്ള ബോഡി ബാഗുകള്‍ സാധാരണ യുദ്ധമേഖലകളിലാണ് എത്തിക്കാറുള്ളത്.
കോവിഡ് രോഗികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രികളില്‍ തുടരുന്ന തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂയോര്‍ക്കിലും ലോസ് ആഞ്ചല്‍സിലും പെന്റഗണ്‍ രണ്ട് ആശുപത്രി കപ്പലുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധയില്‍ രണ്ട് ലക്ഷം അമേരിക്കക്കാര്‍ മരിക്കുമെന്ന് കണക്കാക്കുന്നതായി വൈറ്റ് ഹൗസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 30 ദിവസത്തെ കര്‍ശനമായ പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. അടുത്ത രണ്ടാഴ്ച വേദനാജനകമാണെന്ന് പ്രവചനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ഇതുവരെ അമേരിക്കയില്‍ 4,400 ലെ പേര്‍ മരിക്കുകയും രണ്ട് ലക്ഷത്തിലേറെ പേരെ രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.






