മലപ്പുറം - കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനും മുൻകരുതലിനും മലപ്പുറം ജില്ലയിൽ ഇനി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾക്ക് വിവിധ നമ്പറുകളിൽ വിളിക്കേണ്ടതില്ല. 9015803804 എന്ന മൊബൈൽ നമ്പറിൽ മാത്രം വിളിച്ചാൽ മതി. ആരോഗ്യ വകുപ്പിന്റെ മുഴുവൻ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ജാഗ്രതാ നിർദേശങ്ങളും ടെലിഫോൺ വഴിയുള്ള ഡോക്ടർമാരുടെ സേവനങ്ങളും പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ചാൽ ലഭ്യമാകും. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ വിഭാഗമാണ് 'സ്നേഹ' എന്ന പേരിൽ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ചു ലഭിക്കുന്ന സേവനങ്ങൾ ഒറ്റ നമ്പറിൽ ലഭ്യമാക്കിയ സംവിധാനം പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹ സംവിധാനത്തിലെ നമ്പറിലേക്കു വിളിച്ചാൽ ആരോഗ്യ വകുപ്പിലെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിനുള്ള നിർദേശങ്ങൾ ലഭിക്കും. പിന്നീട് ഒന്ന് അമർത്തിയാൽ കൺട്രോൾ റൂമിലെ സേവനങ്ങൾ ലഭിക്കും. രണ്ടിൽ കൗൺസലിംഗ് സേവനങ്ങളാണ്. മൂന്നു അമർത്തിയാൽ 20 അംഗ ഡോക്ടർമാരുടെ നിർദേശങ്ങൾ ലഭ്യമാകും. നാലിൽ സൈക്യാട്രി ഡോക്ടർമാരുടെ സേവനങ്ങളും അഞ്ചു അമർത്തിയാൽ 108 ആംബുലൻസ് സർവീസും ലഭിക്കും. നമ്പർ ആറ് അമർത്തിയാൽ 10 അംഗ പാലിയേറ്റീവ് ഡോക്ടർമാരുടെ സേവനവും ഏഴിൽ ആരോഗ്യ വകുപ്പിന്റെ മറ്റു സേവനങ്ങളുമാണ് ലഭ്യമാവുക.
ഇന്റർ ആക്ടീവ് വോയ്സ് റെസ്പോൺസ് സിസ്റ്റം (ഐ.വി.ആർ) ഉപയോഗിച്ച് ഇത്തരത്തിലുള്ള സംവിധാനം സംസ്ഥാനത്താദ്യമായി മലപ്പുറം ജില്ലയിലാണ് പ്രാവർത്തികമാക്കിയതെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ പറഞ്ഞു. സൗജന്യ സേവനമായി ചങ്ങരംകുളത്തെ സ്പാർക്ക് ടെക്നോ മീഡിയയാണ് സ്നേഹ സംവിധാനം ആരോഗ്യ വകുപ്പിനായി ഒരുക്കി നൽകിയത്. സ്പാർക്കിലെ എൻജിനീയർ പാലക്കാട് കപ്പൂർ കോഴിക്കര സ്വദേശിയായ എൻ.എം. മുബാറക്കാണ് ഇത് രൂപകൽപന ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ട്രേസിംഗ് സംവിധാനവും ഇദ്ദേഹമാണ് ഒരുക്കിയത്.






